തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്‌ഐടി) കസ്റ്റഡിയിലുള്ള മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കായി.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായി നേരത്തേ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ മൊഴി കൊടുത്തതായാണ് റിപ്പോര്‍ട്ട്.
താന്‍ പരിചയപ്പെടുന്നതിനും മുന്‍പ് തന്നെ ഉണ്ണികൃഷ്ണ പോറ്റി ശബരിമലയിലുള്ള വ്യക്തിയാണെന്നും പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി കൊടുത്തിട്ടുണ്ട്. പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടായിരുന്നു എന്നും ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണെന്നും മൊഴിയുണ്ട്. ഇത് തന്ത്രി കണ്ഠര് രാജീവര്‍ക്കും കുരുക്കായി.
പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കടകംപള്ളി സുരേന്ദ്രനെയും തന്ത്രി കണ്ഠര് രാജീവരരെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്‌പോണ്‍സറാകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ ഇതുവരെ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.
ഗോള്‍ഡ് പ്ലേറ്റിങ് വര്‍ക്കുകള്‍ സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ദേവസ്വം മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.
മുന്‍ ഭരണ സമിതിയുടെ കാലത്തും ക്ലാഡിങ് വര്‍ക്കുകള്‍ പുറത്ത് കൊണ്ട് പോയി ചെയ്തിട്ടുണ്ടെന്നും പത്മകുമാര്‍ വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയില്‍ ഹാജരാക്കും.
അതേസമയം, ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ളയാണെന്ന് പത്മകുമാര്‍ ഇപ്പോഴും സമ്മതിച്ചിട്ടില്ല. ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നതെന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയല്ല ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ ഉരുപ്പടികള്‍ കൊടുത്തു വിട്ടതെന്നുമാണ് പത്മകുമാറിന്റെ നിലപാട്. സ്വര്‍ണപ്പാളിയും വാതിലും ഉള്‍പ്പെടെ കൊണ്ടുപോയത് തന്റെ മാത്രം തീരുമാനമല്ലെന്നും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.