തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച; സര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കി ഇ.ഡി നോട്ടീസ്

തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച; സര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കി ഇ.ഡി നോട്ടീസ്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി ഇ.ഡി.

കഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടീസിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ വെല്ലുവിളിയാണ് എന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വരുതിയിലാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കളമൊരുക്കി കൊടുക്കാനുള്ള തന്ത്രമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മകള്‍ വീണ വിജയന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ മുന്‍പ് അന്വേഷണ നിഴലില്‍ വന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് ആദ്യമായാണ് ഇ.ഡി നേരിട്ട് നോട്ടീസ് അയക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധിക്കേണ്ട ബാധ്യത പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്.

തിരഞ്ഞെടുപ്പ് കാലത്തെ പതിവ് ഇഡി പക എന്നാണ് സിപിഎമ്മിന്റെ വിമര്‍ശനം. ബിജെപിയുടെ രാഷ്ട്രീയ കളിയെന്നും പിന്നില്‍ കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വെല്ലുവിളിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ ബിജെപി-സിപിഎം ഡീല്‍ എന്നാണ് ഇ.ഡി നോട്ടീസില്‍ കോണ്‍ഗ്രസ് പ്രതികരണം. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഭീഷണിപ്പെടുത്തി വിധേയരാക്കി ബിജെപിയെ ജയിപ്പിക്കാനുള്ള ശ്രമം എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നോട്ടീസ് തമാശ എന്നും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കം എന്നുമായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഇനിയുള്ള ദിവസങ്ങളില്‍ ഇ.ഡി നോട്ടീസും പ്രധാന വിഷയമാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.