സംസ്ഥാനത്ത് നിലവില്‍ എച്ച്‌ഐവി ബാധിതര്‍ 23,608.
മൂന്ന് വര്‍ഷത്തിനിടെ രോഗം ബാധിച്ചവര്‍ 4,477.
3393 പുരുഷന്‍മാര്‍, 1065 സ്ത്രീകള്‍, 19 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍.
രോഗബാധ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍.
കൊച്ചി: കേരളത്തില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഓരോ മാസവും സംസ്ഥാനത്ത് ശരാശരി 100 പുതിയ എച്ച്‌ഐവി അണു ബാധിതരുണ്ടാകുന്നു എന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടുകയാണ്.
എച്ച്‌ഐവി രോഗികളുടെ എണ്ണത്തില്‍ 2022 ല്‍ ഒമ്പത് ശതമാനം വര്‍ധന ഉണ്ടായിരുന്നത് 2023 ല്‍ 12 ശതമാനമായി. 2024 ല്‍ 14.2 ശതമാനവും ആയി. അതേസമയം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ 15.5 ശതമാനം വര്‍ധനവാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 4,477 പേര്‍ക്കാണ് എയ്ഡ്സ് ബാധിച്ചത്.
അതില്‍ 3393 പേര്‍ പുരുഷന്മാരും 1065 പേര്‍ സ്ത്രീകളും 19 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമാണ്. രോഗബാധയുണ്ടായ 1065 സ്ത്രീകളില്‍ 90 പേര്‍ ഗര്‍ഭിണികളായിരുന്നു. സംസ്ഥാനത്ത് നിലവില്‍ 23,608 പേര്‍ എച്ച്‌ഐവി ബാധിതരാണ്. ഇവരില്‍ 62 ശതമാനത്തിലേറെ പേര്‍ക്കും എച്ച്‌ഐവി അണുബാധയുണ്ടായത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ്. സുരക്ഷിതമല്ലാത്ത സ്വവര്‍ഗ രതിയിലൂടെ 24.6 ശതമാനം പേര്‍ക്കും രോഗ ബാധയുണ്ടായി.
സൂചി പങ്കിട്ടുളള ലഹരിമരുന്ന് ഉപയോഗത്തിലൂടെ 8.1 ശതമാനം പേര്‍ക്കും അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് 0.9 ശതമാനം പേര്‍ക്കും എച്ച്‌ഐവി ബാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ എച്ച്‌ഐവി അണുബാധിതരുണ്ടായത് എറണാകുളത്താണ്. 850 പേര്‍ക്കാണ് എറണാകുളത്ത് എച്ച്‌ഐവി രോഗ ബാധയുണ്ടായത്. തിരുവനന്തപുരത്ത് 555 പേര്‍ക്കും തൃശൂരില്‍ 518 പേര്‍ക്കും കോഴിക്കോട് 441 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് 371 പേര്‍ക്കും കോട്ടയത്ത് 350 പേര്‍ക്കുമാണ് എച്ച്‌ഐവി രോഗബാധയുണ്ടായത്. 67 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച വയനാട്ടിലാണ് ഏറ്റവും കുറവ്. ഈ സാമ്പത്തിക വര്‍ഷം ഒക്ടബോര്‍ വരെ എറണാകുളത്ത് പുതുതായി 160 പേര്‍ക്ക് എച്ച്ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തി. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്‌ഐവി കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നാണ് വിവരം.
ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെ തിരുവനന്തപുരത്ത് 82, തൃശൂരില്‍ 78 എന്നിങ്ങനെ പുതിയ എച്ച്‌ഐവി കേസുകള്‍ രേഖപ്പെടുത്തി. 20 നും 40 നും ഇടയിലുള്ളവരിലാണ് പ്രധാനമായും പുതിയ എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.
ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവര്‍ പശ്ചാത്തലം അറിയാതെ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രവണത രോഗബാധ കൂടാന്‍ കാരണമാകുന്നു എന്നാണ് വിവരം.
ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് കൂടുതല്‍ പേരിലേക്ക് എച്ച്‌ഐവി പടരാന്‍ ഇടയാക്കുന്നത്. എറണാകുളത്ത് പുതുതായി എയ്ഡ്‌സ് രോഗം ബാധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്.