തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍. സൈബര്‍ അധിക്ഷേപ കേസില്‍ രാഹുലിന് തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
രാഹുലിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിര്‍ണായക ദൃശ്യങ്ങളുണ്ടെന്ന് കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
തുടര്‍ന്ന് രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കള്ളക്കേസാണിതെന്നും നിയമപരമായി നേരിടുമെന്നും രാഹുല്‍ പ്രതികരിച്ചു. ജയിലില്‍ നിരാഹാരമിരിക്കുമെന്നും കോടതിയില്‍ നിന്നു കൊണ്ടു പോകുന്നതിനിടെ രാഹുല്‍ മാധ്യമങ്ങളോടു വിളിച്ചു പറയുന്നുണ്ടായിരുന്നു.
യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്.
രാഹുലിന്റെ ലാപ്ടോപും ഫോണും പൊലീസ് ച്ചെടുത്തിരുന്നു. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച രാഹുലിനെ വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ വിഡിയോ അപ്ലോഡ് ചെയ്തത് ലാപ്ടോപില്‍ നിന്നാണെന്നാണ് രാഹുല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഫോണിലും ഇതേ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.