തിരുവനന്തപുരം: കിണറുകള്‍ കുഴിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ അനുമതി വേണ്ടി വരും. സര്‍ക്കാര്‍ പുറത്തിറക്കിയ ജല നയത്തിന്റെ കരടിലാണ് അനധികൃത ഭൂഗര്‍ഭജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാര്‍ശ ഉള്ളത്.
കിണറുകളുടെ എണ്ണം, ആഴം, രൂപകല്‍പന എന്നിവയെക്കുറിച്ചൊന്നും സര്‍ക്കാരിന് കണക്കില്ല. അതിനാല്‍ അശാസ്ത്രീയമായ കിണര്‍ നിര്‍മാണവും ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ശുപാര്‍ശ.
മഴവെള്ള സംഭരണികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കെട്ടിട നികുതി പിരിക്കുമ്പോള്‍ പരിശോധിക്കണം. വീടുകളില്‍ പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി രണ്ട് ജല സംഭരണികള്‍ നിര്‍ദേശിക്കുന്നതും പരിഗണിക്കും. വരള്‍ച്ചയും ജലക്ഷാമവുമുള്ള മേഖലകളില്‍ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കില്ല. കൂടാതെ കുഴല്‍ക്കിണറുകള്‍ക്കും നിയന്ത്രണം കൊണ്ടു വരും.
ഒപ്പം ജലത്തിന്റെ ഉപയോഗത്തിന് അനുസരിച്ച് വില വര്‍ധിപ്പിക്കുന്നതും ആലോചിക്കും. കൂടുതല്‍ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കും. ഗാര്‍ഹികേതര ഉപയോക്താക്കള്‍ പുതിയ ജലസ്രോതസുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നേടണം.