വയനാട് ജനവാസ മേഖലയില്‍ വീണ്ടും കടുവ; കര്‍ണാടക വനം വകുപ്പ് കേരളത്തിലേക്ക് തള്ളിയതെന്ന് ആക്ഷേപം

വയനാട് ജനവാസ മേഖലയില്‍ വീണ്ടും കടുവ; കര്‍ണാടക വനം വകുപ്പ് കേരളത്തിലേക്ക് തള്ളിയതെന്ന് ആക്ഷേപം

കല്‍പ്പറ്റ: വയനാട് ദേവര്‍ഗധയില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടെത്തി. കന്നാരം പുഴയോരത്താണ് കടുവയെ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരും കടുവയെ കണ്ടതായി സ്ഥിരീകരിച്ചു. കടുവയെ കര്‍ണാടക വനം വകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപവും ഉണ്ട്.

ഇതേത്തുടര്‍ന്ന് പൊലീസും വനം വകുപ്പും സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട പ്രദേശത്തിന്റെ തൊട്ടടുത്താണ് ഇന്ന് കടുവയെ കണ്ടത്. വൈകുന്നേരം അഞ്ചോടെയാണ് കടുവ പ്രത്യക്ഷമായത്. കാലിന് പരിക്കേറ്റതായാണ് വനം വകുപ്പ് ജീവനക്കാരുടെ നിരീക്ഷണം. കടുവയെ പടക്കം പൊട്ടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്.

ഇന്ന് ജനവാസ മേഖലയിലിറങ്ങിയ കടുവ വയനാട് വന്യജീവി സങ്കേതത്തില്‍ പെട്ടതല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കേരള വന്യജീവി ലിസ്റ്റില്‍ പെട്ട കടുവയല്ലാത്തതിനാല്‍ തന്നെ കര്‍ണാടക വനം വകുപ്പ് കേരളത്തിന്റെ വനമേഖലയിലേക്ക് തള്ളിയതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വയനാട് പുല്‍പ്പള്ളിയില്‍ ഇന്നലെ ഉണ്ടായ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്തുണ്ടായ ആക്രമണത്തില്‍ ദേവര്‍ഗധ ഉന്നതിയിലെ കൂമനാണ് മരിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.