പൊലീസ് തലപ്പത്ത് അഴിച്ചുപണി; അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

 പൊലീസ് തലപ്പത്ത് അഴിച്ചുപണി; അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി. 18 വര്‍ഷത്തോളം സര്‍വീസുള്ളവര്‍ക്കാണ് ഐജിയായി സ്ഥാനകയറ്റം നല്‍കിയത്. പുട്ട വിമലാദിത്യ, അജിത ബീഗം, ആര്‍. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുല്‍ ആര്‍. നായര്‍ എന്നിവരെയാണ് ഐജി റാങ്കിലേക്ക് ഉയര്‍ത്തിയത്.

കെ. കാര്‍ത്തികിനെ തിരുവനന്തപുരം കമ്മീഷണറായും ഹരിശങ്കറെ കൊച്ചി കമ്മീഷണറായും നിയമിച്ചു. ജി. സ്പര്‍ജന്‍ കുമാറാണ് ദക്ഷിണ മേഖലാ ഐജി. തോംസണ്‍ ജോസിന് വിജിലന്‍സ് ഡിഐജിയായി മാറ്റം നല്‍കി. അരുള്‍ ആര്‍.ബി കൃഷ്ണ തൃശൂര്‍ റേഞ്ച് ഡിഐജി, ജെ. ഹിമേന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഡിഐജി, എസ്. ശ്യാംസുന്ദര്‍ ഇന്റലിജന്‍സ് ഡിഐജി എന്നിങ്ങനെയാണ് നിയമനം. അജിത ബീഗം ഇനി സാമ്പത്തിക വിഭാഗം ഐജിയാവും ആര്‍. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ച് ഉത്തരവായി.

ഒപ്പം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. വകുപ്പുകള്‍ മാറ്റാതെ തന്നെയാണ് സ്ഥാനക്കയറ്റം. ടി.വി അനുപമയെ തദ്ദേശ വകുപ്പ് സെക്രട്ടറിയായും മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും അഞ്ജന എമ്മിനെ പൊതുഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും ഷീബ ജോര്‍ജിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും വീണ എന്‍. മാധവനെ സഹകരണ വകുപ്പ് സെക്രട്ടറിയായുമാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.