കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്. കുറ്റ്യാടി അടക്കം ആദ്യം 13 മണ്ഡലങ്ങള്‍ നല്‍കിയിരുന്നെങ്കിലും സിപിഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കുറ്റ്യാടി തിരിച്ചെടുത്തിരുന്നു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സീറ്റ് ഇപ്രാവശ്യം വേണമെന്ന കടുംപിടുത്തത്തിലാണ് കേരള കോണ്‍ഗ്രസ് എം. കഴിഞ്ഞ തവണ കുറ്റ്യാടി തിരിച്ചെടുത്തപ്പോള്‍ പകരം സീറ്റ് നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിരുന്നതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ആന്റണി രാജുവിന്റെ തിരുവനന്തപുരം, ആലപ്പുഴയിലെ കുട്ടനാട് എന്നീ സീറ്റുകളും കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടും.
പേരാമ്പ്ര സീറ്റിനാണ് കേരള കോണ്‍ഗ്രസ് എം മുന്‍ഗണന നല്‍കുന്നതെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് പറഞ്ഞു. കുറ്റ്യാടി സീറ്റ് കഴിഞ്ഞ തവണ വിട്ടു നല്‍കിയപ്പോള്‍ അടുത്ത തവണ സീറ്റ് നല്‍കുമെന്ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയതാണെന്നും അദേഹം പറഞ്ഞു.
ഇനി പേരാമ്പ്ര നല്‍കാനാവില്ലെങ്കില്‍ നാദാപുരമോ, തിരുവമ്പാടിയോ വേണമെന്നും കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നു. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് എംഎല്‍എമാരെല്ലാം വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.
ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, റാന്നിയില്‍ പ്രമോദ് നാരായണ്‍ എന്നിവര്‍ മത്സരിക്കും.
ഇക്കുറി കൂടുതല്‍ സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തോട് സിപിഎമ്മും സിപിഐയും എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണായകമാണ്. കഴിഞ്ഞ തവണ മത്സരിച്ച 12 ല്‍ പാലാ അടക്കം ഏഴ് സീറ്റിലും കേരള കോണ്‍ഗ്രസ് എം പരാജയപ്പെട്ടിരുന്നു.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് മൂന്ന് സീറ്റ് ചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പി.വി അന്‍വറിനെ കൂടാതെ സജി മഞ്ഞക്കടമ്പില്‍, നിസാര്‍ മേത്തര്‍ എന്നിവര്‍ക്കും സീറ്റ് ആവശ്യപ്പെടും.
പി.വി അന്‍വറിനായി ബേപ്പൂര്‍, തവനൂര്‍, പട്ടാമ്പി സീറ്റുകളിലൊന്ന് ആവശ്യപ്പെടും. ഇതില്‍ ബേപ്പൂര്‍ ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് അംഗമാക്കിയത്.
സജി മഞ്ഞക്കടമ്പിലിനായി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ സീറ്റും നിസാര്‍ മേത്തര്‍ക്കായി കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സീറ്റും ചോദിക്കും.
കേരള കോണ്‍ഗ്രസിന്റെ മാണി വിഭാഗം യുവജന നേതാവായിരുന്നു സജി മഞ്ഞക്കടമ്പില്‍. പിന്നാലെ എന്‍ഡിഎയില്‍ എത്തി. അവിടെ നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുന്നത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് കോര്‍ഡിനേറ്റാണ്.
പിഡിപിയില്‍ നിന്നാണ് നിസാര്‍ മേത്തര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററാണ് നിസാര്‍.