മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി. യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പ്രിയങ്ക ഗാന്ധി കത്തയച്ചു.
കഴിഞ്ഞ ദിവസമാണ് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്ന് തുണി കഷ്ണം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രസവിച്ച യുവതിയുടെ വയറ്റില്‍ നിന്ന് രണ്ടര മാസത്തിന് ശേഷമാണ് തുണി കഷ്ണം ലഭിച്ചത്.
പ്രസവ ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ ആശുപത്രിയില്‍ പോയെങ്കിലും ആശുപത്രി സ്‌കാനിങിന് തയ്യാറായിരുന്നില്ല. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണി കുടുങ്ങാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു.