കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും ജയിലില്‍ കിടക്കുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ പയ്യന്നൂര്‍, തലശേരി നഗരസഭകളിലെ ഒരോ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും.
പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡായ മൊട്ടമ്മലില്‍ നിന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ നിഷാദ്, തലശേരി നഗരസഭ 37-ാം വാര്‍ഡായ കൊമ്മല്‍വയലില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച യു. പ്രശാന്ത് എന്നിവരുടെ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകും.
ഇരുവരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് റദ്ദാക്കിയാല്‍ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.
സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന വി.കെ നിഷാദ് 536 വോട്ടിനാണ് വാര്‍ഡില്‍ നിന്നും വിജയിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറികൂടിയായ നിഷാദിനെതിരെ 20 വര്‍ഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു വിധി വന്നത്. അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലില്‍ കിടന്നാണ് നിഷാദ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കേസില്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെങ്കിലും തിരഞ്ഞെടുക്കപ്പെട്ട തിയതി മുതല്‍ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിക്കുകയും ചെയ്യാം.
സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിക്കാനും കൊലപ്പെടുത്താനും ശ്രമിച്ചെന്ന കേസാണ് ബിജെപിയുടെ യു. പ്രശാന്തിന് കുരുക്കായത്. തലശേരി അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കേസില്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പാണ് പ്രശാന്ത് ജയിലിലായത്. 616 വോട്ടിനായിരുന്നു പ്രശാന്തിന്റെ വിജയം.