വേനൽച്ചൂടിനെ തോൽപ്പിച്ച വിശ്വാസജ്വാല; സിഡ്നിയിൽ 200 ലധികം യുവജനങ്ങൾ പങ്കെടുത്ത സമ്മർ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷന് സമാപനം

വേനൽച്ചൂടിനെ തോൽപ്പിച്ച വിശ്വാസജ്വാല; സിഡ്നിയിൽ 200 ലധികം യുവജനങ്ങൾ പങ്കെടുത്ത സമ്മർ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷന് സമാപനം

സിഡ്‌നി: ജനുവരിയിലെ കടുത്ത ചൂടിനെ വകവെക്കാതെ ആത്മീയ ഉണർവുമായി വാരോവിൽ മൗണ്ട് കാർമൽ റിട്രീറ്റ് സെന്ററിൽ നടന്ന എട്ടുദിവസത്തെ 'സമ്മർ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ' ധ്യാനത്തിൽ പങ്കുചേർന്നത് 200-ലധികം യുവജനങ്ങൾ. 'ഡിസൈപ്പിൾസ് ഓഫ് ജീസസ് കവിയൻറ് കമ്മ്യൂണിറ്റിയും' 'മിഷനറീസ് ഓഫ് ഗോഡ്‌സ് ലൗവും' സംയുക്തമായാണ് ഈ വാർഷിക ധ്യാനം സംഘടിപ്പിച്ചത്. 16 മുതൽ 35 വയസു വരെയുള്ള യുവതീ യുവാക്കളാണ് ഇതിൽ പങ്കെടുത്തത്.

മിഷനറീസ് ഓഫ് ഗോഡ്‌സ് ലൗവിലെ ഫാ. കെൻ ബാർക്കർ തിരഞ്ഞെടുത്ത 'മെയ്ഡ് ടു സോര്‍' എന്നതായിരുന്നു ഈ വർഷത്തെ ധ്യാനവിഷയം. "ദൈവത്തിൽ ശരണപ്പെടുന്നവർക്ക് പുതിയ ശക്തി ലഭിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും" എന്ന ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിലെ (40:30-31) വചനമാണ് ഇതിന് ആധാരമായത്. യുവജനങ്ങളെ വിശുദ്ധിയിലേക്ക് നയിക്കാനും ദൈവികശക്തിയാൽ ഉയർത്താനുമാണ് ഈ വിഷയം തിരഞ്ഞെടുത്തത്.

വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, സ്തുതിപ്പുകൾ എന്നിവ ദൈനംദിന പരിപാടികളുടെ ഭാഗമായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ നയിച്ച സെമിനാറുകളും ക്ലാസുകളും യുവജനങ്ങൾക്ക് നവ്യാനുഭവമായി. സ്ട്രീറ്റ് ഇവാഞ്ചലൈസേഷനിലൂടെ (തെരുവിലെ സുവിശേഷപ്രഘോഷണം) ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താനും അവർക്ക് അവസരം ലഭിച്ചു.

യുവജനങ്ങൾ പരിശുദ്ധാത്മാവിന്റെ കൃപയ്ക്ക് കീഴടങ്ങുന്നതും, വിശുദ്ധിയുടെയും സുവിശേഷവൽക്കരണത്തിന്റെയും ജീവിതത്തിനായി സമർപ്പിക്കുന്നതും കാണുന്നത് വലിയ സന്തോഷമാണെന്ന് സംഘാടകരിലൊരാളായ നിഹാൽ ഡിസിൽവ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.