കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ശക്തനായ പോരാളിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ അന്‍വര്‍ മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിന്‍ ഹാജി ഉള്‍പ്പെടെയുള്ള പ്രമുഖരെ നേരില്‍ കണ്ട് അദേഹം പിന്തുണ തേടി. 'പിണറായിസവും' 'മരുമോനിസവും' അവസാനിപ്പിക്കുമെന്നാണ് അന്‍വറിന്റെ വാഗ്ദാനം.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ അന്‍വറിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. നിലവിലെ എംഎല്‍എയായ പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ വിജയിച്ചത്.
ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്ന മണ്ഡലമാണ് ബേപ്പൂരെന്നും അന്‍വറിലൂടെ അത് അനുകൂലമാക്കാമെന്നുമാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ റിയാസിന് വലിയ ഭൂപിപക്ഷം പിടിക്കാനായെങ്കിലും മണ്ഡലത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്‍ഡിഎഫിന് അത്ര ആശാവഹമല്ല.