കൊച്ചി: കംബോഡിയ കേന്ദ്രമായുള്ള ചൈനീസ് സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കൈവശമുള്ളത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അറസ്റ്റ്, വ്യാജനിക്ഷേപ വാഗ്ദാനം, ലോണ്‍ ആപ്പ്, ഹണിട്രാപ്പിലൂടെ പണംതട്ടല്‍, വ്യാജ സമ്മാന ഓഫര്‍ തുടങ്ങി പല വിഭാഗങ്ങളായാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്.
കംബോഡിയയും ലാവോസുമാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രം. ആവശ്യമായ ഡേറ്റകള്‍ ഇവരുടെ വ്യാജ കോള്‍ സെന്ററുകളില്‍ ജോലിക്കെത്തുന്നവര്‍ക്ക് നടത്തിപ്പുകാര്‍ നല്‍കും. ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് തട്ടിപ്പ് തുടരാം. അവരവരുടെ കഴിവ് തെളിയിക്കാന്‍ പറ്റുന്ന മേഖലകളാണ് ഓരോരുത്തരും തിരഞ്ഞെടുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബ്ദഗാംഭീരമുള്ളവര്‍ ഡിജിറ്റല്‍ അറസ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ പെണ്‍കുട്ടികളുടെ ശബ്ദം അനുകരിച്ചുള്ള തട്ടിപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. കൊച്ചിയില്‍ അടുത്തിടെ പിടിയിലായ അരൂര്‍ സ്വദേശി സൂരജ് ആദ്യം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലാണ് കേന്ദ്രീകരിച്ചത്. എന്നാല്‍ ശബ്ദം പോരെന്ന് പറഞ്ഞ് സ്ത്രീ ശബ്ദത്തില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന മേഖലയിലേക്ക് മാറുകയായിരുന്നു. അങ്ങനെയാണ് കൊച്ചി സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം തട്ടിയെടുത്തത്.
മുതിര്‍ന്ന പൗരന്മാര്‍, യുവതീ-യുവാക്കള്‍, വീട്ടമ്മമാര്‍ തുടങ്ങി വിവിധ പ്രായത്തിലുള്ളവരുടെ ഡേറ്റകള്‍ തട്ടിപ്പ് സംഘത്തിന്റെ കൈവശമുണ്ടെന്ന് പിടിയിലായവര്‍ സൈബര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സ്ഥിര നിക്ഷേപമുള്ളവരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ഇവരുടെ പക്കലുണ്ടെന്നാണ് സൈബര്‍ പൊലീസിന്റെ നിഗമനം.
ഇന്ത്യക്കാരില്‍ നിന്ന് തട്ടിയെടുക്കുന്ന പണം ആദ്യമെത്തുക ഇന്ത്യയിലെ ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും. കേരളത്തിലേയോ ഇന്ത്യയിലെ മറ്റിടങ്ങളിലോ ഉള്ള ഏജന്റുമാരുടെ സഹായത്തോടെ പിന്‍വലിച്ച് പണം വിദേശത്തേക്ക് അയക്കുകയാണ് പതിവ്. ഇതിനാണ് ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പലരും കംബോഡിയയില്‍ എത്തുന്നത്.
ഡാര്‍ക്ക് നെറ്റില്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ലക്ഷക്കണക്കിന് വിവരങ്ങള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് വില കൊടുത്ത് വാങ്ങുന്ന വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെയും സുരക്ഷിതമല്ലാത്ത സൈറ്റുകളിലൂടെയും ഉള്ള പണം ഇടപാടുകളിലൂടെയും ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ തട്ടിപ്പ് സംഘം ശേഖരിക്കാറുണ്ട്.
തട്ടിപ്പിന്റെ തോത് അനുസരിച്ച് മാസം 1000 ഡോളര്‍ വരെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുന്ന ശമ്പളം. കൂടാതെ കമ്മിഷനും നല്‍കാറുണ്ട്.