സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ; അഭിഷേക് പവാറിന്റെ ഗോള്‍ നേട്ടത്തില്‍ സര്‍വീസസിന് കിരീടം

 സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ; അഭിഷേക് പവാറിന്റെ ഗോള്‍ നേട്ടത്തില്‍  സര്‍വീസസിന്  കിരീടം

സര്‍വീസസിന്റെ എട്ടാം കിരീടമാണിത്. ഒമ്പതാം തവണയാണ് കേരളം ഫൈനലില്‍ പരാജയപ്പെടുന്നത്.

ധാക്കുവാഖാന: കേരളം വിജയ പ്രതീക്ഷയോടെ കാത്തിരുന്ന 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ എതിരാളികളായ സര്‍വീസസിന് ഒരു ഗോളിന്റെ വിജയം. എക്‌സ്ട്രാ ടൈമില്‍ കളിയുടെ 109-ാം മിനിറ്റില്‍ സര്‍വീസസിന്റെ അഭിഷേക് പവാറാണ് ഗോള്‍ നേടിയത്.

എതിരില്ലാത്ത ഒരു ഗോളിനാണ് (1-0) സര്‍വീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയമായ 90 മിനിട്ടിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

കളത്തിലുടനീളം കേരളം ആധിപത്യം പുലര്‍ത്തിയെങ്കിലും സര്‍വീസസിന്റെ പ്രതിരോധം തകര്‍ക്കാന്‍ കേരളത്തിന് സാധിച്ചില്ല. ഇത് ഒമ്പതാം തവണയാണ് കേരളം ഫൈനലില്‍ പരാജയപ്പെടുന്നത്. സര്‍വീസസിന്റെ എട്ടാം കിരീടമാണിത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരളത്തിന് നിര്‍ഭാഗ്യം കനത്ത തിരിച്ചടിയായിരുന്നു. വി. അര്‍ജുന്‍ തൊടുത്ത ലോങ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതും ഷിജിന് ലഭിച്ച സുവര്‍ണാവസരം ലക്ഷ്യത്തിലെത്താതിരുന്നതും കേരളത്തിന്റെ ലീഡ് മോഹങ്ങള്‍ക്ക് തടയിട്ടു.

സെമിയിലെ ഹീറോ എം. വിഘ്നേഷിനെ പകരക്കാരുടെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണവുമായാണ് കോച്ച് ഷഫീഖ് ഹസന്‍ ടീമിനെ ഇറക്കിയത്.

രണ്ടാം പകുതിയില്‍ വിഘ്നേഷിനെ കളത്തിലിറക്കി കേരളം ആക്രമണം ശക്തമാക്കിയെങ്കിലും 'പാര്‍ക്കിങ് ദ ബസ്' തന്ത്രത്തിലൂടെ പ്രതിരോധക്കോട്ട കെട്ടിയ സര്‍വീസസിനെ മറികടക്കാന്‍ മലയാളി താരങ്ങള്‍ക്കായില്ല. സര്‍വീസസ് ഗോള്‍ കീപ്പര്‍ ഗഗന്‍ ദീപിന്റെ തകര്‍പ്പന്‍ സേവുകളും കേരളത്തിന് തിരിച്ചടിയായി.

ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തെ നേരിട്ടപ്പോഴും അഭിഷേക് പവാര്‍ ആയിരുന്നു സര്‍വീസസിനായി വിജയ ഗോള്‍ നേടിയത്. ആ ചരിത്രം ഫൈനലിലും ആവര്‍ത്തിച്ചു. 109-ാം മിനിട്ടില്‍ ലഭിച്ച അവസരം ഫിനിഷ് ചെയ്ത പവാര്‍ സര്‍വീസസിന് കിരീടം ഉറപ്പിക്കുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ സമനിലയ്ക്കായി കേരളം സര്‍വ്വ സന്നാഹങ്ങളുമായി ആക്രമിച്ചു കളിച്ചെങ്കിലും സര്‍വീസസ് തീര്‍ത്ത കനത്ത പ്രതിരോധം മറികടക്കാനായില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.