ഇസ്രയേൽ പ്രസിഡന്റിന്റെ സന്ദർശനം: സിഡ്‌നിയിൽ അതീവ സുരക്ഷ; പൊലീസിന് കൂടുതൽ അധികാരം

ഇസ്രയേൽ പ്രസിഡന്റിന്റെ സന്ദർശനം: സിഡ്‌നിയിൽ അതീവ സുരക്ഷ; പൊലീസിന് കൂടുതൽ അധികാരം

സിഡ്‌നി: ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് സിഡ്‌നി നഗരത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ മാസം ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാനാണ് അദേഹം തിങ്കളാഴ്ച സിഡ്‌നിയിൽ എത്തുന്നത്. സന്ദർശന വേളയിൽ ക്രമസമാധാന നില ഉറപ്പാക്കാൻ ന്യൂ സൗത്ത് വെയിൽസ് പൊലീസിന് സർക്കാർ പ്രത്യേക അധികാരങ്ങൾ നൽകി.

സാധാരണഗതിയിൽ വലിയ സ്റ്റേഡിയങ്ങളിൽ മാത്രം നടപ്പിലാക്കാറുള്ള കർശനമായ സുരക്ഷാ നിയമങ്ങളാണ് നഗരമധ്യത്തിലും നടപ്പിലാക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ആരെയും പരിശോധിക്കാനും സ്ഥലത്തു നിന്നും നീക്കം ചെയ്യാനും പൊലീസിന് പ്രത്യേക അധികാരമുണ്ടാകും. സിഡ്‌നി ടൗൺ ഹാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. നഗരത്തിന്റെ പ്രധാന കവലകളിലും ചടങ്ങ് നടക്കുന്ന വേദികളിലും സായുധ പൊലീസിനെ വിന്യസിച്ചു.

പ്രസിഡന്റിന്റെ സന്ദർശനത്തിന് എതിരെ പാലസ്തീൻ അനുകൂല സംഘടനകൾ പ്രതിഷേധ റാലികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതിഷേധ വേദി മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പലസ്തീൻ ആക്ഷൻ ഗ്രൂപ്പ് ഇത് നിരസിച്ചു. ടൗൺ ഹാൾ പരിസരത്ത് തന്നെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. ഇതോടെ പ്രതിഷേധക്കാരും പൊലീസും മുഖാമുഖം വരാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ വീണ്ടും വർദ്ധിപ്പിച്ചു.

ഇസ്രയേൽ-പാലസ്തീൻ തർക്കം ഓസ്‌ട്രേലിയയുടെ തെരുവുകളിൽ അക്രമത്തിന് കാരണമാകരുതെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് മുന്നറിയിപ്പ് നൽകി. സന്ദർശന വേളയിൽ പ്രകോപനപരമായ നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും സമാധാനം പാലിക്കണമെന്നും എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് അഭ്യർത്ഥിച്ചു. സിഡ്‌നിയുടെ സമാധാന അന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്ന് അദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.