കാൻബറ: ഓസ്‌ട്രേലിയയിലെ ചൈൽഡ് കെയർ സെന്ററുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗുരുതരമായ അപകടങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രൊഡക്റ്റിവിറ്റി കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചൈൽഡ് കെയർ സെന്ററുകളിലെ സുരക്ഷാ വീഴ്ചകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് നിരക്കിലെത്തി. കുട്ടികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയെ നേരിട്ട് ബാധിക്കുന്ന ഗുരുതര സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്.
2024-25 കാലയളവിൽ ഓരോ 100 സെന്ററുകളിലും ശരാശരി 160 ഗുരുതരമായ സംഭവങ്ങൾ വീതം റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം വിക്ടോറിയയിലും ന്യൂ സൗത്ത് വെയ്‌ൽസിലുമായി രണ്ട് കുട്ടികൾ ചൈൽഡ് കെയർ സെന്ററുകളിൽ മരണപ്പെട്ടു.
22,364 കുട്ടികൾക്ക് വിവിധ തരത്തിലുള്ള പരിക്കുകളോ ഗുരുതരമായ അസുഖങ്ങളോ ബാധിച്ചു. കുട്ടികളെ സെന്ററുകളിൽ പൂട്ടിയിടുകയോ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ കുട്ടികൾ പുറത്തുപോവുകയോ ചെയ്ത 3,128 സംഭവങ്ങളാണ് ഉണ്ടായത്. 2016-17-ൽ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യോഗ്യതയുള്ള ജീവനക്കാരുടെ അഭാവമാണ് ഇത്തരം സുരക്ഷാ വീഴ്ചകൾക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021-ൽ 82.1 ശതമാനം ജീവനക്കാർക്ക് മതിയായ യോഗ്യത ഉണ്ടായിരുന്ന സ്ഥാനത്ത് 2024-25-ൽ അത് 75 ശതമാനമായി കുറഞ്ഞു. മതിയായ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് കുട്ടികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നുണ്ട്.
ഇതോടൊപ്പം സ്കൂൾ ഹാജർ നിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിൽ രാജ്യം പുരോഗതി കൈവരിക്കുന്നുണ്ടെന്നും പ്രൊഡക്റ്റിവിറ്റി കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ ചൈൽഡ് കെയർ മേഖലയിൽ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാർ നിർബന്ധിതരായേക്കും.