കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധങ്ങൾ ക്രൈസ്തവ സ്നേഹത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്ന് സീറോ മലബാർ സഭ. സഭാ ചൈതന്യത്തിന് നിരക്കാത്ത ഇത്തരം സമരമുറകൾ അങ്ങേയറ്റം അപലപനീയമാണെന്ന് സഭാ പിആർഒ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയിൽ അറിയിച്ചു.
ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് അതിരൂപതയിൽ സമാധാനാന്തരീക്ഷം തിരിച്ചുവരുന്നതിനിടെയാണ് മനപൂർവം പ്രകോപനം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിന്റെയും പാംപ്ലാനി പിതാവിന്റെയും ചിത്രങ്ങൾ അപകീർത്തികരമായി പ്രദർശിപ്പിച്ചതും ആർച്ച് ബിഷപ്പ് ഹൗസ് മതിലുകളിൽ അധിക്ഷേപകരമായ പോസ്റ്ററുകൾ പതിപ്പിച്ചതും ആസൂത്രിതമായ വ്യക്തിഹത്യയുടെ ഭാഗമാണ്.
പരിശുദ്ധ പിതാവിന്റെയും മെത്രാൻ സിനഡിന്റെയും തീരുമാന പ്രകാരമാണ് മാർ ജോസഫ് പാംപ്ലാനി അധികച്ചുമതല വഹിക്കുന്നത്. സഭാ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങളെ സഭ ഒറ്റക്കെട്ടായി നേരിടുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സെന്റ് മേരീസ് ബസിലിക്ക കയ്യേറുന്നതും വിശുദ്ധ കർമ്മങ്ങൾ തടസപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് സഭ ചൂണ്ടിക്കാട്ടി. കണ്ണൂർ പ്രസ് ക്ലബ്ബിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതും തലശേരി ആർച്ച് ബിഷപ്പ്സ് ഹൗസ് പരിസരത്ത് അധിക്ഷേപങ്ങൾ ചൊരിഞ്ഞതും പ്രതിഷേധാർഹമാണ്. പരിഹാസങ്ങളും അവഹേളനങ്ങളും സഹിച്ചു ത്യാഗപൂർവ്വം സഭാ തീരുമാനങ്ങൾ നടപ്പിലാക്കാൻ പരിശ്രമിക്കുന്ന പാംപ്ലാനി പിതാവിനൊപ്പം സഭ മുഴുവനുമുണ്ടെന്ന് നേതൃത്വം പ്രഖ്യാപിച്ചു.