വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം: ഹോട്ടല്‍ അടപ്പിച്ചു

വിഴിഞ്ഞത്ത്  ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട്  പേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം: ഹോട്ടല്‍  അടപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ട് പേര്‍ക്ക ജീവഹാനി. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേല്‍ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്.

ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലര്‍ജിയാണെന്നാണ് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

വൈകുന്നേരം മാത്രം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയായ 'അസ്മാകില്‍' നിന്നുമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഭക്ഷ്യ വിഷബാധയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മീന്‍ മുട്ട, കൊഞ്ച്, കണവാ തോരന്‍, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറഞ്ഞു. ഭക്ഷണം കഴിച്ച് നിലമേല്‍ വരെ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

പിന്നാലെയാണ് ഇവരെ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റിയത്. എന്നാല്‍ എത്രപേര്‍ ഒരേ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടെങ്കില്‍ എന്ത് കഴിച്ചവര്‍ക്കാണെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഷാജിയും നിലമേല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ റഷീദ ബീവിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹോട്ടല്‍ താല്‍ക്കാലികമായി അടപ്പിച്ച് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരില്‍ ആര്‍ക്കും ഭക്ഷ്യ വിഷബാധ സംബന്ധിയായ അസ്വസ്ഥതയുണ്ടായതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.