വാഷിങ്ടണ്‍: നിര്‍മിത ബുദ്ധി (എഐ) നിലവില്‍ തൊഴിലിനെ കാര്യമായി ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് പുതിയ പഠനം. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ നാഷണല്‍ ബ്യൂറോ ഓഫ് എക്കണോമിക് റിസര്‍ച്ച് (എന്‍ബിഇആര്‍) നടത്തിയ പഠനമാണ് എഐ തൊഴില്‍ മേഖലയില്‍ വലിയ തോതിലുള്ള ആഘാതം ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കുന്നത്.
അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആറായിരത്തിലേറെ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് വിശദമായ പഠനം നടത്തിയത്.
തങ്ങളുടെ ജോലിയിലോ ഉല്‍പാദനത്തിലോ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് ഇവരില്‍ 90 ശതമാനം കമ്പനികളും പറയുന്നത്. മൂന്നില്‍ രണ്ട് കമ്പനികളും എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 25 ശതമാനം പേരും തങ്ങള്‍ ജോലി സ്ഥലത്ത് എഐ ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു.
നാല് രാജ്യങ്ങളിലെ ബിസിനസ് മാനേജര്‍മാരില്‍ 90 ശതമാനത്തിലേറെ പേരും കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ എഐ തങ്ങളുടെ ജോലിയില്‍ ഒരു സ്വാധീനവുമുണ്ടാക്കിയിട്ടില്ല എന്ന് പറയുന്നു. തങ്ങളുടെ തൊഴില്‍ ഉല്‍പാദന ക്ഷമതയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം എഐ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ലെന്ന് 89 ശതമാനം പേരാണ് പറഞ്ഞതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഭാവിയില്‍ ജോലി സ്ഥലങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ഒരിക്കല്‍ എഐക്ക് സാധിച്ചേക്കുമെന്നും കമ്പനികള്‍ പറയുന്നു. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഉല്‍പാദന ക്ഷമത 1.4 ശതമാനവും ഉല്‍പാദനം 0.8 ശതമാനവും വര്‍ധിപ്പിക്കാന്‍ എഐ സഹായിക്കും.
ഈ കാലയളവില്‍ 75 ശതമാനം കമ്പനികളും ഏതെങ്കിലും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും ഇവര്‍ പറയുന്നു. പഠനത്തിന്റെ ഭാഗമായ കമ്പനികള്‍ നാല് രാജ്യങ്ങളിലായി 25 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.
ലാര്‍ജ് ലാങ്വേജ് മോഡലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റ് ജനറേഷനു വേണ്ടിയാണ് കമ്പനികളില്‍ എഐ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. വിഷ്വല്‍ കണ്ടന്റുകളുടെ ജനറേഷനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതായി എഐ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മെഷീന്‍ ലേണിങ് ഉപയോഗിച്ച് ഡാറ്റാ പ്രൊസസിങ് നടത്താനാണ്.