കൊച്ചി: മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് തുടക്കം കുറിച്ച് മലയാറ്റൂർ മഹായിടവകയുടെ നേതൃത്വത്തിൽ മല കയറി. ഞായർ രാവിലെ ഏഴിന് മലയടിവാരത്തെ മാർ തോമാശ്ലീഹയുടെ രൂപത്തിനു മുന്നിൽ കുരിശുമുടി വൈസ് റെക്ടറും മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരിയുമായ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർഥനാശുശ്രൂഷകൾക്ക് കാർമികത്വംവഹിച്ച് തീർഥാടനത്തിന് തുടക്കം കുറിച്ചു.
മലയാറ്റൂർ മഹായിടവകയിലെ മലയാറ്റൂർ, വിമലഗിരി, സെബിയൂർ, ഇല്ലിത്തോട് ഇടവകകളിലെ പുരോഹിതരും വിശ്വാസികളും കുരിശിന്റെ വഴി ചൊല്ലി മല കയറി. തീർഥാടകർക്ക് ദിവസവും പുലർച്ചെ 4.30 മുതൽ രാത്രി 10 വരെ മല കയറാം.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും മലകയറാം.
കുരിശുമുടി പള്ളിയിൽ ദിവസവും രാവിലെ 5.30, 7.30, 9.30 കുർബാന, നൊവേന എന്നിവയും വൈകിട്ട് 6.30 ന് കുർബാന, നൊവേന എന്നിവയുണ്ടാകും. ശനിയാഴ്ചകളിൽ രാത്രി 12 ന് കുർബാനയും നൊവേനയും ഉണ്ടാകും.
റോജി എം ജോൺ എംഎൽഎ, ഫാ. പോൾ പടയാട്ടി, ഫാ. ജോൺസൺ വല്ലൂരാൻ, ഫാ. ആന്റണി നടുവത്തുശേരി, ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ തുടങ്ങിയവർ മല കയറ്റത്തിന് നേതൃത്വം നൽകി.