'ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല'; ജനങ്ങള്‍ സഹകരിക്കണമെന്ന് സണ്ണി ജോസഫ്

'ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല'; ജനങ്ങള്‍ സഹകരിക്കണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം തുടരുമെന്നും ഈ പ്രതിസന്ധി സ്വിച്ച് ഇട്ട് നിര്‍ത്താനോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനോ കഴിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുണ്ടെന്നും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി നിയന്ത്രണത്തില്‍ ഏകീകൃത സമയക്രമം കൊണ്ടുവരുമെന്നും ഒരാഴ്ച ഒരേ സമയത്ത് പവര്‍കട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയത മൊബൈല്‍ ഫോണില്‍ പവര്‍കട്ടിന്റെ സമയത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് തന്നെ എസ്എംഎസ് സന്ദേശം എത്തുന്ന രീതിയിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 'വിത്ത് യു' എന്ന ആപ്പിലൂടെയാണ് ഇത്തരത്തില്‍ സന്ദേശം അയക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ആപ്പ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല.

എവിടെ നിന്നും വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തയാറാണ്. അതിനുള്ള സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപഭോഗമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് സംസ്ഥാനത്ത് ഉള്ളത്. ആകെ ആവശ്യകത 4153 മെഗാവാട്ടില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതലായി നിര്‍മ്മിച്ച കെട്ടിടങ്ങളിലെ ഫാനും എസിയും, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് എന്നിവ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് രാത്രിയിലാണ്. അതിനാല്‍ പീക്ക് മണിക്കൂറുകള്‍ കൂട്ടാനും ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നതിനും നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതിയുടെ ഉപയോഗം കൂടുകയും ഉല്‍പാദനം കുറയുകയുമാണ് ചെയ്തത്. പെട്ടെന്ന് ഏതെങ്കിലും മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല ഇത്. ഇതുമായി ബന്ധപ്പെട്ട് ഒരു കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും റെഗുലേറ്ററി കമ്മീഷന്റെ ഉള്‍പ്പെടെ അനുമതി വാങ്ങിയുള്ള ദീര്‍ഘകാല പ്രക്രിയയാണ്.

പ്രതിസന്ധി പെട്ടെന്ന് പരിഹാരിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ജനങ്ങള്‍ സാഹചര്യം മനസിലാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.