തിരുവനന്തപുരം: ഉയര്‍ന്ന നികുതി ഭാരം ഭയന്ന് മുന്‍പ് ഇതര സംസ്ഥാനങ്ങളില്‍ അഭയം തേടിയ ബസുകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്നു. മോട്ടര്‍ വാഹന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരിത്രപരമായ നികുതി ഇളവാണ് ഈ വന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ബസ് നികുതിയില്‍ വരുത്തിയ 50 ശതമാനം വരെയുള്ള കുറവ് വ്യാപാരികള്‍ക്കും ബസുടമകള്‍ക്കും വലിയ ആശ്വാസമാണ് പകരുന്നത്.
സീറ്റൊന്നിന് മൂന്ന് മാസത്തേക്ക് ഉണ്ടായിരുന്ന 3000 രൂപ നികുതി 1500 രൂപയായി ചുരുങ്ങിയതോടെ 40 സീറ്റുള്ള ഒരു ബസിന് വര്‍ഷത്തില്‍ 240000 രൂപയുടെ വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്. ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്ന ഈ നികുതിയിളവ് പ്രയോജനപ്പെടുത്തി ഒന്നര മാസത്തിനിടെ 59 ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളാണ് കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത്.
നാഗാലാന്‍ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന ബസുകള്‍ കോഴിക്കോട്, കൊല്ലം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് മാറി രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയത് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലിന്റെ വിജയമാണ്. ഓരോ പുതിയ ബസ് രജിസ്‌ട്രേഷനിലൂടെയും ആറ് ലക്ഷം രൂപ വീതമാണ് സര്‍ക്കാരിലേക്ക് ലഭിക്കുന്നത്. അനാവശ്യ നികുതിഭാരം ഒഴിവാക്കി സംരംഭകരെ പിന്തുണച്ചാല്‍ അത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും വരുമാന വര്‍ധനവിനും കാരണമാകുമെന്ന് തെളിയിക്കുന്ന കേരള സര്‍ക്കാരിന്റെ ഈ നടപടി മറ്റ് മേഖലകള്‍ക്കും മാതൃകയാണ്.
ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇത്തരം ജനകീയ നയങ്ങളിലൂടെ ടൂറിസം, യാത്രാ മേഖലകള്‍ക്ക് പുതുജീവന്‍ നല്‍കാനും അതേസമയം സംസ്ഥാന ഖജനാവിലേക്ക് കോടികളുടെ പുതിയ വരുമാനം എത്തിക്കാനും സര്‍ക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.