സ്വര്‍ണക്കൊള്ളയില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണെന്ന് മന്ത്രി എം.ബി രാജേഷ്

സ്വര്‍ണക്കൊള്ളയില്‍  സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം;  പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം:ശബരിമല സ്വര്‍ണ കൊള്ളയെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അസാന്നിധ്യത്തില്‍ കെ. ബാബു എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്.

ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ രാജിയാവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയ്ക്കുമുന്നില്‍ സത്യാഗ്രഹം നടത്തുന്നുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.

ശബരിമല സ്വര്‍ണ കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം.ബി രാജേഷ് ചോദ്യോത്തര വേളയില്‍ ചോദിച്ചു. മുസ്ലീം ലീഗ്, ബിജെപിക്ക് നാരങ്ങാവെള്ളം കലക്കി കൊടുക്കാന്‍ കാത്തിരിക്കുകയാണെന്നും ഇവിടെ ഇരിക്കുന്ന കോണ്‍ഗ്രസുകാരില്‍ എത്രപേര്‍ നാളെ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയുമോയെന്നും രാജേഷ് ചോദിച്ചു.

തങ്ങളൊഴികെ സ്വര്‍ണം കട്ട എല്ലാവരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാണോ യുഡിഎഫ് നിലപാടെന്നും മന്ത്രി പരിഹസിച്ചു. അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്നു നിയമമന്ത്രി പി രാജീവ് പറഞ്ഞു.

ഹൈക്കോടതി മേല്‍നോട്ടത്തിലാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നതെന്നും തന്ത്രി പ്രതിയാണോ അല്ലയോ എന്നതില്‍ സര്‍ക്കാരിന് അഭിപ്രായമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കുന്നില്ല.

അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദേഹം വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് പ്രതിഷേധിച്ച് മുദ്രാവാക്യമുയര്‍ത്തി പുറത്തേക്ക് പോയി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.