കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി ചോദിച്ചു.
വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍കാല ഉത്തരവുണ്ടെന്നും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നും കോടതി വ്യക്തമാക്കി.
മേലാല്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്നും ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുളള വ്യക്തിഗത വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്പറുകള്‍ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെന്ന് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൈകാര്യം ചെയ്യുന്ന ബിസിനസ് വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നതെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.
കുറ്റക്കാരന്‍ മുഖ്യമന്ത്രി തന്നെയാണ് എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് രാഷ്ട്രീയ പ്രചാരണം നടത്തുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സന്ദേശങ്ങള്‍ അയക്കില്ല എന്ന് ഉറപ്പു നല്‍കിയാല്‍ തുടര്‍ നടപടികള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റാമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളമുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള സന്ദേശമെത്തിയിരുന്നു. ഡിഎ പത്ത് ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ വാട്‌സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നത്.
ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ നിന്നുള്ള ഡേറ്റാ ചോര്‍ത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആരോപിച്ചു.
ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടെന്നും വരും നാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം.