കണ്ണൂര്‍: കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. വീണയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
എംആര്‍ഐ സ്‌കാനിങ് പരിശോധന വീണ ജോര്‍ജിന് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. വിദഗ്ധ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ആരോഗ്യമന്ത്രിയെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.
അതേസമയം മന്ത്രിക്കെതിരായ ആക്രമണത്തിൽ അഞ്ച് പ്രവർത്തകർ കസ്റ്റഡിയിൽ. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ, സി.എച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും.
ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ജില്ലാ ആശുപത്രിയിലെത്തി വീണാ ജോർജിനെ കണ്ട് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. മന്ത്രിക്ക് എതിരായ അതിക്രമത്തിൽ സിപിഐഎം സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രവർത്തകരോട് പ്രതിഷേധത്തിന് ഇറങ്ങാൻ നേതൃത്വം നിർദേശം നൽകി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.