ആരോ​ഗ്യ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല; സ്ഥിരീകരിച്ച് ആർപിഎഫ് സംഘം

ആരോ​ഗ്യ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല; സ്ഥിരീകരിച്ച് ആർപിഎഫ് സംഘം

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ അത് ശരിവെക്കുന്ന ദൃശ്യങ്ങളില്ലെന്ന് റെയിൽവേ സുരക്ഷാസേന. മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ആർപിഎഫ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

റെയിൽവേ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ആർപിഎഫ് സിസിടിവി പരിശോധിച്ചത്. എന്നാൽ മന്ത്രിക്കെതിരെ ശാരീരികമായ കയ്യേറ്റമോ ആയുധം ഉപയോഗിച്ചുള്ള ആക്രമണമോ നടന്നതായി ദൃശ്യങ്ങളിൽ കണ്ടെത്താനായില്ല.

സംഭവത്തിന് പിന്നാലെ മൊഴിയെടുക്കാൻ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ മന്ത്രിക്ക് മൊഴി നൽകാനായില്ല. മന്ത്രിയുടെ ഗൺമാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പൊലീസ് നിലവിൽ കേസുമായി മുന്നോട്ട് പോകുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവം നടന്ന പ്ലാറ്റ്‌ഫോം ഒന്നിലെ എൻട്രൻസ് ഏരിയയിലുള്ള എല്ലാ ക്യാമറകളും പൊലീസ് സംഘം വീണ്ടും പരിശോധിച്ചേക്കും. ദൃശ്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം കേസിനെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.