കോഴിക്കോട്: കോഴിക്കോട്ട് ക്രിസ്ത്യന്‍ ദേവാലയത്തിന് തീയിട്ടയാള്‍ പിടിയില്‍. പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്സ് റോമന്‍ കാത്തലിക് പള്ളിയ്ക്കാണ് തീയിട്ടത്.
സംഭവത്തില്‍ ഒഡിഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പള്ളിയിലെ മതബോധന ക്ലാസുകള്‍ നടത്തുന്ന കെട്ടിടത്തിനാണ് തീയിട്ടത്. പള്ളി വികാരിയുടെ കാര്‍, സുപ്രധാന രേഖകള്‍, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍, രൂപക്കൂട് എന്നിവ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വിവരം അറിഞ്ഞയുടന്‍ ഫയര്‍ ഫോഴ്‌സിന്റെ സമീപത്തുള്ള നാല് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഇതുമൂലം പള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.
സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കെട്ടിടത്തിന് സമീപത്തു കൂടി നടന്നു പോകുന്നത് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.