വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. അന്തരിച്ച പ്രൊഫ. എം.കെ സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍ രവി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

കമ്പനി നിയമ പ്രകാരമുള്ള നടപടികള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സംഘടനയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം 2006 ന് ശേഷം കൃത്യമായ കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇത് നിയമപരമായ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കോടതി വിലയിരുത്തി.

കണക്കുകള്‍ ബോധിപ്പിക്കാത്ത പശ്ചാത്തലത്തില്‍ നിലവിലെ ഭരണസമിതിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനെ മാറ്റി സംഘടനയുടെ ദൈനംദിന ഭരണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.