തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചടയമംഗലം സ്വദേശി ബിനുവിന്റെ (42) ഹൃദയം ദാനം ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചു. ആരോഗ്യപരമായ ചില കാരണങ്ങളാലാണ് ഹൃദയം ദാനം ചെയ്യുന്നത് ഒഴിവാക്കിയത്.
ബിനുവിന്റെ കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവ ദാനം ചെയ്യും. ഇവ മറ്റ് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കും. കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു രോഗിക്കായി ഹൃദയം കൈമാറാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം നടത്തിയ പരിശോധനകളില്‍ ഹൃദയം സ്വീകരിക്കുന്നതിന് തടസങ്ങള്‍ കണ്ടെത്തിയതോടെയാണ് നീക്കം ഒഴിവാക്കിയത്.
മാര്‍ച്ച് 10 ന് ബിനു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മാര്‍ച്ച് 13 ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.