നസ്രാണി ഐക്യത്തിന് പാലായിൽ തുടക്കം; സഭകൾ ഒന്നിക്കുന്ന പ്രധിനിധി സംഗമം

നസ്രാണി ഐക്യത്തിന് പാലായിൽ തുടക്കം; സഭകൾ ഒന്നിക്കുന്ന പ്രധിനിധി സംഗമം

പാലാ: മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകവും സുറിയാനി പാരമ്പര്യം ഉള്ളതും ഒന്നാം നൂറ്റാണ്ടു മുതൽ രാജ്യത്ത് നിലനിൽക്കുന്നതുമായ നസ്രാണി സമുദായത്തിന്റെ ഐക്യമുന്നേറ്റത്തിന് പാലാ ബിഷപ്‌സ് ഹൗസിൽ തുടക്കമായി. ഏഴ് നസ്രാണി സഭകളിൽ നിന്നുള്ള മെത്രാന്മാരും വൈദിക-അൽമായ പ്രതിനിധികളും പങ്കെടുത്ത സംഗമം ആധുനിക കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിലെ നിർണായക അധ്യായമായി മാറി.


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സംഗമം ഉദ്ഘാടനം ചെയ്തു. നസ്രാണികൾ ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദേഹം ഓർമ്മിപ്പിച്ചു. മതപരിവർത്തന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാകുന്നില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സമുദായത്തിനുണ്ടെന്നും ബാവാ കൂട്ടിച്ചേർത്തു.

വിഘടിച്ചു പോയ നസ്രാണി സമുദായത്തിന് സാധ്യമായ എല്ലാ മേഖലകളിലും ഒന്നിച്ചു പോകാമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ പറഞ്ഞു. നസ്രാണികളുടെ ഈ ഒത്തുചേരൽ വർ​ഗീയതയല്ല, മറിച്ച് രാജ്യത്തിന് ബലം പകരാനുള്ളതാണെന്നും സഭകൾ ചെയ്യുന്ന സാമൂഹിക സേവനങ്ങളെ സംശയിക്കുന്നവർ വർദ്ധിച്ചുവരുന്നത് ഗൗരവകരമാണെന്നും ബാവാ ചൂണ്ടിക്കാട്ടി.

സഭകളുടെ ഔദ്യോഗിക ഐക്യത്തേക്കാൾ എളുപ്പവും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യവും സാമുദായികമായ സംഘടിക്കലാണെന്ന്അ ധ്യക്ഷ പ്രസംഗത്തിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചിതറിപ്പോയത് ഒന്നിച്ചു കൂടാനുള്ള കാരണമാകണമെന്നും മെത്രാൻ ഓർമ്മിപ്പിച്ചു.

യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ തിരുമേനി, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്താ തിരുമേനി, മലങ്കര യാക്കോബായ സുറിയാനി സഭയില്‍  നിന്നും കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്താ തിരുമേനി, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലിത്താ തിരുമേനി, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍ നിന്നും സഫ്രഗൻ മെത്രാപ്പോലീത്താ ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അധ്യക്ഷൻ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്താ തിരുമേനി, സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍നിന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ എന്നിവര്‍ സന്നിഹിതരായി അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.

കോശി കമ്മീഷൻ അംഗം ഡോ. ജേക്കബ് പുന്നൂസ് ഐപിഎസ്, മലബാര്‍ സ്വതന്ത്ര്യസുറിയാനി (തൊഴിയൂര്‍സഭ) അൽമായ ട്രസ്റ്റി ബിനോയി പി മാത്യൂ, സീറോ മലബാർ പബ്ളിക് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലിൽ, റ്റി. റ്റി  മൈക്കിൾ, സീ ന്യൂസ് കോർഡിനേറ്റർ ലിസി കെ. ഫെർണാണ്ടസ്, നസ്രാണി ജാത്യൈക്യ സംഘം പ്രസിഡൻ്റ് ഷെവ. ഉമ്മച്ചൻ വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. നസ്രാണി വിഷയങ്ങൾ തുടർന്നും ചർച്ച ചെയ്യാൻ തുടർ യോഗങ്ങൾ കൂടണം എന്ന തീരുമാനത്തോടെ യോഗം അവസാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.