അരുണോദയം കഴിഞ്ഞിരിക്കുന്നു..!
ഗ്രാമം ഉണർന്നിട്ടു നേരം ഏറെയായി..!
കാഞ്ഞിരമുറ്റവും ഉണർന്നെന്നു പറയാം.!
കൊട്ടാരതുല്യമായ വീടിന്റെ കുശിനിയോ-
രത്തുനിന്നും പ്രഭാതഗീതം വരവായി....
കുശിനിയിലേ 'ഒടികാലൻ' നീണ്ടപീഠത്തി-
ലിരുന്നു, കമലാമ്മ നാമജപം തുടരുന്നു..
"കൌസല്യാ സു-പ്രജാ-രാമപൂർവ്വ-
സന്ധ്യാ-പ്രവർത്തതേ--ഉത്തിഷ്ട..'
സുന്ദരാപിള്ള, വെളുപ്പിനേയുള്ള പതിവു
ഉഴലുകൾക്കുശേഷം.., ദ്രുതഗതിയിൽ
അടുക്കള വാതിൽക്കലോളം എത്തി...
'ഇതെന്തരു-വെല്യതള്ളേ, കട്ടനായില്ലേ?'
തൃശൂർപൂരത്തിന്റെ വെടിക്കെട്ടു തുടങ്ങി.
'ആനവണ്ടി പാഞ്ഞുവരുമ്പോലെ വന്ന 'സുന്ദരൻ'.,
മടിച്ചാണേലും ഗതി മാറ്റി..
'നിനക്കു തോന്നുമ്പം തോന്നുമ്പം കട്ടനും,
കിട്ടനും, 'സുലൈമാനീം'.. ഇട്ടുതരാൻ.....,
'ഞാനൊരുത്തി ഒറ്റയ്കു എന്തൊക്കെയാ
ചെയ്യേണ്ടതെന്നു 'തടിമാടനായ' നിനക്കു
അറിയാമോ-ഡാ 'കുറ്റി--ച്ചൂലേ'..?
കാലത്തേതന്നേ, 'ചൂലേന്നു' വിളിച്ചാൽ,
സുന്ദരൻ ചൂടാകുമെന്നു തള്ളക്കറിയാം..!
'എവിടുന്നേലും, ഒരുത്തിക്കു പുടവേം കൊടുത്തു,
താലിയും കെട്ടി, കൊണ്ടുവ-
രാൻ പറഞ്ഞാലോ..ഏങ്ങ്ഹേ..ചെയ്യില്ല..'
'ശിവ--ശിവ..; എന്റെ ശിരോലിഖിതം..'
'ഈ ചിങ്ങത്തിലേ.., നിനക്കു മുപ്പത്തി-
മൂന്നു തികയും; അറിയാമോടാ ചൂലേ..'
പിന്നേം ചൂലു വിളിച്ചു; പിള്ള ചൂടായില്ല..!
ഞാനിതെത്ര കേട്ടിരിക്കുന്നുവെന്ന ഭാവം
സുന്ദരാപിള്ളക്കും..!
'തെക്കേലെ കേശവൻ.., നിന്നേക്കാൾ
നാലു വയസ്സിന് ഇളപ്പമാ.; അവൻ നാലു കെട്ടി..'
കമലാക്ഷിയമ്മ ആക്രോശിച്ചു..
'അവൻ കെട്ടുന്ന ചരടൊന്നും മുറുകു-
ന്നില്ലല്ലോ..കമലാക്ഷിയമ്മോ...'
'എന്നാലെന്താ..അവൻ കെട്ടിയില്ലേ..!'
'താഴേ പാടത്തു കളപറിക്കാൻ വന്ന ഒരു
തീയത്തി.., കണ്ണിറുക്കി കാണിച്ചതിനു..,
സന്യസിക്കാൻ പോണോടാ, കൈലാസ-
ത്തിൽ പോയ അമ്മാവനെപ്പോലെ...'
'കെട്ടാനും വേണം..ഈശ്വരസങ്കൽപ്പം..!'
'എന്റെകട്ടനെവിടെ..അതുപറ-തള്ളേ..?'
'കൃഷ്ണകുറുപ്പങ്ങേരേ, നിന്റെ അഛനേ,
എങ്ങനാ നാട്ടാരുടെ "കുറുപ്പങ്ങേര്"..
ആയേന്ന് ഇന്നേവരെ മനസ്സിലായിട്ടില്ല..'
'കരയിലേ ആകെയുള്ള പഠിത്തക്കാരൻ;
പോരാഞ്ഞിട്ടു മജിസ്ട്രേ-ട്ടുദ്യോഗോം..!'
ഞാനേ, എന്തോരം കണ്ണിറുക്കി കാണി-
ച്ചിട്ടുണ്ടെന്നു വല്ല കണക്കും ഉണ്ടോടാ..?'
'മുറപ്പെണ്ണായിരുന്നിട്ടും.., അങ്ങേർക്ക്
എന്നെ നേരേ ചൊവ്വേ നോക്കാൻ മടി..'
'അതെങ്ങനാ.., കാലേകൂട്ടി വെല്യച്ചന്റെ
ഒറ്റമോളേ വേളിയാക്കിയല്ലോ..!'
'ഒമ്പതാംക്ളാസ്സിൽ, മൂന്നാംവർഷവും..,
തോറ്റു ശിങ്കാരമേളം നടത്തി വിലസുന്ന
കാലം; ഞാനാരാ മോള്.; ഞാൻ വിട്ടില്ല.!'
'പാടവും, പറമ്പും അനന്തിരവന്മാർക്കു
കൊടുക്കുമെന്നു പറഞ്ഞപ്പോളയാൾക്കു
ബുദ്ധി തെളിഞ്ഞു..'
'അവസാനം, അഛനുംമറ്റും കല്യാണം
ഉറപ്പിച്ചു.; എനിക്കും കിട്ടിയൊരു താലി.!'
'കാലുവെന്ത ശുനകസമം കുറുപ്പും..!'
'നിന്നേ പത്തു പറഞ്ഞപ്പം ഒരാശ്വാസം..!'
'ഈ ചുറ്റോടുചുറ്റും കാണുന്ന കുന്നും,
മുരുപ്പുകളും എല്ലാം, അപ്പൂപ്പനു സ്വന്തം..'
'മഹാരാജാവെല്ലാം, അപ്പൂപ്പനു കരമൊ-
ഴിവായി പതിച്ചു കൊടുത്തതായിരുന്നു..'
'പുലിയെ വേട്ടയാടാൻ സായിപ്പും വരും.;
'സായിപ്പിന്റെ ഒത്താശയും ഉണ്ടായിരുന്നു'
'ഒരുപെണ്ണിനേ വിളിച്ചോണ്ടു-വാ-ഡാാാ..'
'എടാ മരമണ്ടൻ ചു-ന്ദരാ, എനിക്കൊരാ-
കാഴിക വന്നാൽ, ലേശം ചുക്കു കഷായം
ഉണ്ടാക്കി തരുവാൻ ഇവിടാരാ ഉള്ളത്..?'
'കഞ്ഞി തരാൻ ആരുണ്ടെ-ഡാ..ചൂലേ..?'
'അതിനിവിടെ, അങ്ങേലേ നാണിയമ്മ
അടുക്കളപ്പണിക്കു വരുന്നുണ്ടല്ലോ...;
ഇന്നലേംകൂടെ ഞാൻ കണ്ടതാണേ...'
'ഭാ..കുറ്റിച്ചൂലേ..?' വന്നവായാലേ തള്ള
സുന്ദരനേ, കാതും കണ്ണുമടച്ചു നാറ്റിച്ചു.!
'മരുമോളേപ്പോലാണോടാ പരിചാരിക...?'
'ഇടപ്പാവൂർന്നൊരു ആലോചന വരുന്നു..'
'അതൊന്നും ശരിയാകത്തില്ലമ്മേ..'
'എന്നതാകത്തില്ലെന്നാടാ കൂഷ്മാണ്ഡമേ;
അടുക്കള അന്യം നിന്നുപോകുമേ...;
ഇക്കണ്ട സ്വത്തെല്ലാം അന്യം നിക്കുമേ..'
'ഓ..പിന്നേ.? എനിക്കാണേൽ പിള്ളാരുടെ
'കല-പില..കല-പില'.., കേൾക്കുമ്പോഴേ
പെരുവിരലേന്നു തരിപ്പിളകി വരും..'
'പിള്ളാരായാൽ കരയണമെ-ഡാ വിഢീ..!'
'കുശിനിയിൽ..നളെമുതൽ സമരം..'
'സമരമൊക്കെ എനിക്ക് പാർട്ടിയോട്
ആലോചിച്ചേ ചെയ്യാൻ പറ്റൂ..!'
'ഒന്നരചക്രത്തിന്റെ കൊപ്രാമില്ലാണോടാ
സഖാവു സുന്ദരാ, എന്റെ ഈ കുശിനി...'
'ഈ കുശിനിയിൽ.., തൊഴിലാളിയും,
മുതലാളിയും..എല്ലാം ഞാൻ തന്നെയാ.!'
'ഞാൻ, ഈ കമലാക്ഷി, ഇതു പൂട്ടിക്കും..!'
------------------------------ ( തു ട രും )----------------------------