അഭയാർത്ഥികൾക്കായി ഓസ്‌ട്രേലിയയിൽ ഓശാന ഞായർ ദിനത്തിൽ റാലികൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഭയും മനുഷ്യാവകാശ സംഘടനകളും

അഭയാർത്ഥികൾക്കായി ഓസ്‌ട്രേലിയയിൽ ഓശാന ഞായർ ദിനത്തിൽ റാലികൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഭയും മനുഷ്യാവകാശ സംഘടനകളും

കാൻബറ: ഓസ്‌ട്രേലിയയിലെ അഭയാർത്ഥികളുടെയും അഭയം തേടുന്നവരുടെയും അവകാശങ്ങൾക്കായി ഓശാന ഞായർ ദിനത്തിൽ രാജ്യമൊട്ടാകെ വൻ പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി നാഷണൽ കൗൺസിലും ജെസ്യൂട്ട് റെഫ്യൂജി സർവീസ് ഓസ്‌ട്രേലിയയുമാണ് മാർച്ച് 29 ന് നടക്കുന്ന സമാധാനപരമായ റാലികളിൽ പങ്കുചേരാൻ ഓസ്‌ട്രേലിയൻ ജനതയോട് ആഹ്വാനം ചെയ്തത്.

ഓസ്‌ട്രേലിയയുടെ വിവാദപരമായ 'ഓഫ്‌ഷോർ പ്രോസസിംഗ്' (കടൽ കടന്നുള്ള അഭയാർത്ഥി നിയന്ത്രണം), പുനരധിവാസ നയങ്ങൾ എന്നിവ അവസാനിപ്പിക്കണമെന്ന് റാലി ആവശ്യപ്പെടും. വർഷങ്ങളായി തടവിലും അനിശ്ചിതത്വത്തിലും കഴിയുന്ന അഭയാർത്ഥികൾക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുക, കുടുംബങ്ങളിൽ നിന്ന് വേർപെട്ടു കഴിയുന്നവരുടെ മാനുഷിക പരിഗണനകൾ മുൻനിർത്തി അവരെ ഉടൻ ഒന്നിപ്പിക്കുക, വിദേശ രാജ്യങ്ങളിലെ ക്യാമ്പുകളിൽ അഭയാർത്ഥികളെ തടഞ്ഞുവെക്കുന്ന രീതി നിർത്തലാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും സംഘാടകർ മുന്നോട്ടുവെക്കുന്നു.

"പീഡിപ്പിക്കപ്പെടുന്നവരുടെ നിലവിളി തിരിച്ചറിയാനും അതിനോട് പ്രതികരിക്കാനും" ലിയോ പതിനാലാമൻ മാർപാപ്പ നൽകിയ ആഹ്വാനം ഉയർത്തിപ്പിടിച്ചാണ് റാലികൾ സംഘടിപ്പിക്കുന്നത്. അഭയം തേടുന്നത് ഒരു ദുരന്തമാണ്, അതൊരിക്കലും ഒരു കുറ്റകൃത്യമല്ല എന്ന് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ദേശീയ അധ്യക്ഷൻ മാർക്ക് ഗെയ്റ്റാനി ഓർമ്മിപ്പിച്ചു. തുറന്ന മനസോടെ ദുരിതബാധിതരെ സ്വീകരിക്കുമ്പോഴാണ് ഒരു രാഷ്ട്രം അതിന്റെ പൂർണതയിലെത്തുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി തടവിലും വേർപിരിയലിലും കഴിയുന്നവർ അനുഭവിക്കുന്ന മാനസികാഘാതം വളരെ വലുതാണെന്ന് ജെസ്യൂട്ട് റെഫ്യൂജി സർവീസ് ഡയറക്ടർ ഫാദർ ബ്രെറ്റ് ഒനീൽ എസ്.ജെ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ കൂട്ടായ്മയായ 'കാപ്സ' ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സെനറ്റ് അന്വേഷണ സമിതിക്ക് സമർപ്പിച്ചിട്ടുണ്ട്. നീതിക്കും സമാധാനത്തിനുമായി രാജ്യം ഒന്നടങ്കം തെരുവിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.