പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം വേണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി; പ്രതികരിക്കാതെ കെപിസിസി

പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം വേണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി; പ്രതികരിക്കാതെ കെപിസിസി

കൊച്ചി: സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പുതിയ ഉപാധിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സീറ്റില്ലെങ്കില്‍ എറണാകുളം ഡിസിസി അധ്യക്ഷ സ്ഥാനം തനിക്ക് വേണമെന്നാണ് എല്‍ദോസിന്റെ ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചെങ്കിലും കെപിസിസി പ്രതികരിച്ചിട്ടില്ല.

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ലൈംഗികാരോപണ കേസില്‍ എല്‍ദോസിനെതിരെയുള്ള നിയമ നടപടികളും വിവാദങ്ങളുമാണ് സീറ്റ് നിഷേധിക്കാന്‍ പ്രധാന കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

ഹൈക്കമാന്‍ഡ് അംഗീകരിച്ച പാനലില്‍ നിന്നാണ് മനോജിനെ തിരഞ്ഞെടുത്തത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെയാണ് അധ്യക്ഷ സ്ഥാനത്തിനായി എല്‍ദോസ് അവകാശവാദം ഉന്നയിച്ചത്.

അതിനിടെ എല്‍ദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കിയതില്‍ ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. സമാനമായ വിവാദങ്ങളില്‍പ്പെട്ട പി.കെ ശശിയെപ്പോലുള്ളവരെ യുഡിഎഫ് പിന്തുണയ്ക്കുമ്പോള്‍ എല്‍ദോസിനെ മാത്രം മാറ്റിനിര്‍ത്തുന്നത് എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു.

ഉല്ലാസ് തോമസ്, മനോജ് മൂത്തേടന്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരുന്നത്. ഒടുവില്‍ മനോജ് മൂത്തേടനെ തീരുമാനിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.