മുപ്പത്തേഴാം വയസില്‍ ഏഴാമത്തെ പ്രസവം; പിന്നാലെ ആരോഗ്യ പ്രശ്‌നം, നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ: യുവതിയുടെ മരണത്തില്‍ കേസെടുത്ത് പൊലീസ്

മുപ്പത്തേഴാം വയസില്‍ ഏഴാമത്തെ പ്രസവം; പിന്നാലെ ആരോഗ്യ പ്രശ്‌നം, നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ: യുവതിയുടെ മരണത്തില്‍ കേസെടുത്ത് പൊലീസ്

തൃശൂര്‍: പ്രസവത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം യുവതി മരണമടഞ്ഞു. തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ മുഹ്‌സിനയാണ് മുപ്പത്തേഴാം വയസില്‍ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് മുഹ്‌സിന ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവിച്ച് ആറാം ദിവസം കുഞ്ഞ് മരണപ്പെട്ടു. ഇതിന് പിന്നാലെയാണ് മുഹ്‌സിനയുടെയും മരണം.

മുഹ്‌സിനയുടെ മരണത്തില്‍ ഭര്‍ത്താവ് ഇബ്രാഹിമിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. മുഹ്‌സിനയുടെ ശരീരത്തില്‍ മുറിവുകളുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തിട്ടും അലോപ്പതി ചികിത്സ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും പകരം അക്യുപങ്ചര്‍ ചികിത്സയാണ് നല്‍കിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ മുഹ്‌സിനയെ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പിതാവും സഹോദരിയും മുഹ്‌സിനയുടെ ദയനീയാവസ്ഥ കണ്ട് ബലം പ്രയോഗിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ ചികിത്സ ഫലിക്കാതെ മുഹ്‌സിന മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഹ്‌സിനയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാവക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.