'ഏകനായകത്വമല്ല, കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം'; മുഖ്യമന്ത്രി സ്ഥാനത്തിനായി വാശിപിടിക്കില്ലെന്ന് വി.ഡി സതീശന്‍

'ഏകനായകത്വമല്ല, കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം'; മുഖ്യമന്ത്രി സ്ഥാനത്തിനായി വാശിപിടിക്കില്ലെന്ന് വി.ഡി സതീശന്‍

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ യാതൊരുവിധ തര്‍ക്കങ്ങളോ വടംവലിയോ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഹൈക്കമാന്‍ഡ് നിശ്ചയിക്കുന്ന നടപടിക്രമങ്ങള്‍ അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദേഹം വ്യക്തമാക്കി.

സി.പി.എമ്മിലെപ്പോലെ ഏകനായകത്വമല്ലെന്നും കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിന്റേത്. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി പൂര്‍ണമായ ധാരണയുണ്ട്. മുന്‍കാലങ്ങളില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതില്‍ സങ്കടമില്ലെന്നും നിലവിലെ ഉത്തരവാദിത്തങ്ങളില്‍ താന്‍ സംതൃപ്തനാണെന്നും അദേഹം പറഞ്ഞു. 85 മണ്ഡലങ്ങളില്‍ തര്‍ക്കമില്ലാതെ ഒറ്റപ്പേരാണ് നേതൃത്വം നല്‍കിയതെന്നും അദേഹം ചൂണ്ടിക്കാട്ടി.

രണ്ട് സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് വി.ഡി സതീശന്‍ സമര്‍പ്പിച്ചത്. പ്ലാച്ചിമട സമരസമിതി നല്‍കിയ തുകയാണ് അദേഹം കെട്ടിവെക്കാനായി ഉപയോഗിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമടയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് അദേഹം ഉറപ്പ് നല്‍കി. പാവപ്പെട്ട ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഹൃദയത്തിലേറ്റ് വാങ്ങിയാണ് ഈ തുക സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് കെപിസിസി അധ്യക്ഷ പദവിയില്‍ മാറ്റമുണ്ടാകില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമ്പോഴും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുമെന്ന് സണ്ണി ജോസഫ് അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ അദേഹത്തിന്റെ അഭാവത്തില്‍ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പാലോട് രവി, മണക്കാട് സുരേഷ്, എം.എ വാഹിദ്, മര്യാപുരം ശ്രീകുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരെ താല്‍കാലിക ചുമതലയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും സണ്ണി ജോസഫ് തന്നെ തുടരട്ടെ എന്ന അന്തിമ തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.