തിരുവനന്തപുരം: പരസ്പര സംവാദത്തിന് പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദേഹത്തിന് തീരുമാനിക്കാമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്റെ പ്രതികരണം.
മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിന് തയ്യാറാണെന്ന് പിണറായി വിജയന്‍ അറിയിച്ചത്.
.
ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.