വിശ്വാസത്തിന്റെ ആഴവും ഐക്യത്തിന്റെ സൗന്ദര്യവും; സൂറിച്ച് സെന്റ് തെരേസ പള്ളിയിൽ പെസഹാ ആചരിച്ചു

വിശ്വാസത്തിന്റെ ആഴവും ഐക്യത്തിന്റെ സൗന്ദര്യവും; സൂറിച്ച് സെന്റ് തെരേസ പള്ളിയിൽ പെസഹാ ആചരിച്ചു

സൂറിച്ച്: സൂറിച്ച് നഗരത്തിലെ സെന്റ് തെരേസ പള്ളിയിൽ മലയാളി വിശ്വാസികൾ ഒരുമിച്ചുകൂടി പെസഹാ വ്യാഴാഴ്ച ഭക്തിപൂർവമായി ആഘോഷിച്ചു. യൂറോപ്പിലെ തിരക്കേറിയ ജീവിതത്തിനിടയിലും, വിശ്വാസവും പാരമ്പര്യവും കൈവിടാതെ നൂറുകണക്കിന് മലയാളികൾ ഈ വിശുദ്ധ കുർബാനയിലും കാലുകഴുകൽ ശുശ്രൂഷയിലും പങ്കെടുത്തു.

മുഖ്യകാർമികനായ ഫാ. അഭിലാഷ് പാട്ടശ്ശേരിയിൽ എംഎസ്റ്റി തൻ്റെ ഹോമിലിയിൽ വിശുദ്ധ കുർബാനയുടെ മഹത്വം, യേശുവിന്റെ ത്യാഗം, മനുഷ്യസേവനത്തിന്റെ പ്രാധാന്യം എന്നിവയെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. പ്രത്യേകിച്ച്, തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചത് വിശ്വാസികളെ ഏറെ ആകർഷിക്കുകയും,ആ അനുഭവത്തിലൂടെ അദ്ദേഹം “എളിമയും സ്നേഹവും സേവനവുമാണ് ക്രിസ്തുവിന്റെ യഥാർത്ഥ വഴി” എന്ന സന്ദേശം പങ്കുവച്ചു.

വിനയത്തിന്റെ ഉത്തമ മാതൃകയായ കാലുകഴുകൽ ശുശ്രൂഷയായിരുന്നു ആ ദിനത്തിന്റെ സവിശേഷത. അറുപതാം വയസ്സിലേക്ക് കടന്ന പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് നടത്തിയ ആ സ്നേഹശുശ്രൂഷ ഭക്തജനങ്ങളിൽ വലിയൊരു ആത്മീയാനുഭവം പകർന്നുനൽകി.

ദിവ്യബലിയെത്തുടർന്ന് നടന്ന പരിശുദ്ധ കുർബാനയുടെ ആരാധന വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകർന്നു. തുടർന്ന് നടന്ന പെസഹ, വീടുകളിൽ നിന്നും കൊണ്ടുവന്ന പെസഹാ വിഭവങ്ങൾ വിശ്വാസികൾ ഒത്തൊരുമയോടെ പങ്കുവെച്ചു. ഇത് സമൂഹത്തിന്റെ കെട്ടുറപ്പിന്റെയും സഹോദരസ്നേഹത്തിന്റെയും ഉത്തമമായ സാക്ഷ്യമായി മാറി.

ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങൾ ആരാധനയെ കൂടുതൽ ആത്മീയമാക്കി. പള്ളിയിലുടനീളം നിറഞ്ഞുനിന്ന പ്രാർത്ഥനാ അന്തരീക്ഷം വിശ്വാസികളുടെ ഹൃദയങ്ങളിൽ സമാധാനവും ആത്മീയ പുതുക്കലും സൃഷ്ടിച്ചു.

സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന മലയാളികൾ സാംസ്‌കാരിക പാരമ്പര്യവും വിശ്വാസവും ഒരുപോലെ സംരക്ഷിച്ച് ഒന്നിച്ചുകൂടിയ ഈ പെസഹാ ആഘോഷം, ഒരു ആരാധന മാത്രമല്ല അത് ഒരു സമൂഹത്തിന്റെ ഐക്യത്തിന്റെ തെളിവും വിശ്വാസത്തിന്റെ ആഘോഷവുംമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.