തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. മോക് പോള്‍ രാവിലെ 6:30 ന് തുടങ്ങിയിരുന്നു. പല ബുത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകള്‍ തകരാറില്‍ ആയി. വൈകുന്നേരം ആറിനും വോട്ട് ചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കില്‍ അവസാനമുള്ളയാള്‍ക്ക് വരെ സ്ലിപ് നല്‍കും. ആറിന് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ഇത്തവണ പോളിങ് ശതമാനം 85 ന് മുകളിലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം. 24 ഓക്സിലറിയടക്കം 30,495 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കുന്നത്. 30495 ബൂത്തുകളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്.
പ്രശ്‌ന ബാധിത ബൂത്തുകളുടെ സുരക്ഷയ്ക്കായി 160 കമ്പനി കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ കേരള പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഇന്നലെ മുതല്‍ കര്‍ശന പരിശോധന തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തി. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി നാല് വടക്കന്‍ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് നിയന്ത്രണം.
കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 126 സീറ്റുകളിലായി 722 സ്ഥാനാര്‍ത്ഥികളാണ് അസമില്‍ ജനവിധി തേടുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. 30 മണ്ഡലങ്ങളിലായി 294 സ്ഥാനാര്‍ത്ഥികള്‍ പുതുച്ചേരിയില്‍ മത്സര രംഗത്തുണ്ട്. എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് പുതുച്ചേരി സാക്ഷ്യം വഹിക്കുന്നത്.