മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ എസിപി ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിധിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കും. നിധിനെ നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധ്യാപകര്‍ നിരന്തരം അധിക്ഷേപിച്ചിരുന്നതായി പുറത്തുവന്ന ശബ്ദ സന്ദേശങ്ങള്‍ ശരിവെക്കുന്നു. 'തെരുവ് പട്ടി' എന്ന് വിളിച്ചും ഇന്റേണല്‍ മാര്‍ക്ക് കുറച്ചും അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി നിധിന്‍ സഹോദരിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.
അതേസമയം നിധിന്‍ ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തിരുന്നതായും അതിനായി ഒരു അധ്യാപികയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോളുകള്‍ വന്നതിനെത്തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവമുണ്ടാക്കിയ സമ്മര്‍ദ്ദവും മരണത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. നിധിന്‍ ബോധപൂര്‍വമാണോ അധ്യാപികയുടെ നമ്പര്‍ നല്‍കിയത് അതോ ലോണ്‍ ആപ്പുകള്‍ ഡാറ്റ ചോര്‍ത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
നിലവില്‍ സസ്പെന്‍ഷനിലായ അധ്യാപകരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് നിഗമനം.
അതേസമയം കോളജില്‍ നിന്ന് ഒരാളുപോലും മരണ വിട്ടീല്‍ എത്തിയില്ല എന്നത് ഗൗരവമുള്ള വിഷയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. ഒരാളുപോലും മരണ വീട്ടില്‍ എത്താത്തത് സംശയം വര്‍ധിപ്പിക്കുന്നു. സാധാരണ ഗതിയില്‍ ഇത്തരത്തിലൊരു കാര്യം സംഭവിച്ചാല്‍ അനുശോചനം രേഖപ്പെടുത്താന്‍ മുഴുവന്‍ വിദ്യാര്‍ഥികളും വീട്ടില്‍ വരേണ്ടതാണ്. എന്നാല്‍ ഒരു വിദ്യാര്‍ഥി പോലും വന്നില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
പോകാന്‍ പാടില്ല എന്ന് മാനേജ്മെന്റ് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പ്രൊഫഷണല്‍ കോളജുകളിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഇന്റേണല്‍ മാര്‍ക്ക് ഭീഷണിയാണ്. അത് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് മനസിലാക്കുന്നതെന്നും അദേഹം പറഞ്ഞു.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ തിരുവനന്തപുരം പുതുക്കുളങ്ങരയിലുള്ള വീട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു. കോളജില്‍ നിതിന്‍ ജാതി അധിക്ഷേപത്തിന് ഇരയായിരുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും അദേഹം പറഞ്ഞു.
സാമൂഹിക നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ കേരളത്തില്‍ ജാതിയുടെ പേരിലുള്ള വേര്‍തിരിവ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമുണ്ടാകില്ല. ഈ സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു.
ആരുടെയും മുഖം നോക്കാതെ തന്നെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നീതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി വി. ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.