കാഞ്ഞിരപ്പള്ളി: വ്യാജ മതപരിവര്‍ത്തന പരാതികള്‍ നല്‍കി ബജ്‌റംഗദള്‍ അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവരെ രാജ്യമൊട്ടാകെ വേട്ടയാടുമ്പോള്‍ ഹൈന്ദവ സമുദായത്തില്‍പ്പെട്ട തന്റെ വളര്‍ത്തു മകളെ അതേ മതാചാരപ്രകാരം തന്നെ വിവാഹം നടത്തി കത്തോലിക്കാ പുരോഹിതന്‍.
അമ്മയുടെ അകാല നിര്യാണത്തെ തുടര്‍ന്ന് ഒന്നാം വയസില്‍ അനാഥയായി മാറിയ ശ്രീക്കുട്ടിയെന്ന പാര്‍വതിയുടെ വിവാഹമാണ് വളര്‍ത്തച്ഛനായ ഫാ. റോയ് മാത്യൂ വടക്കേല്‍ വധുവിന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് നടത്തി കൊടുത്തത്.
അമ്മയുടെ മരണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള മുണ്ടക്കയം വണ്ടന്‍പതാല്‍ ബെത്‌ലഹം ആശ്രമത്തില്‍ എത്തിച്ച പാര്‍വതിയെ ചേര്‍ത്ത് പിടിച്ച ആശ്രമ ഡയറക്ടറായ ഫാ. റോയ് മാത്യു വടക്കേല്‍ അന്ന് മുതല്‍ അവളുടെ വളര്‍ത്തച്ഛനായിരുന്നു.
പേര് പാര്‍വതി എന്നാണെങ്കിലും ശ്രീക്കുട്ടി എന്നായിരുന്നു അവള്‍ക്ക് ഫാ. റോയ് നല്‍കിയ വിളിപ്പേര്. പഠനമൊക്കെ കഴിഞ്ഞ് വിവാഹ പ്രായമെത്തിയപ്പോള്‍ അദേഹം തന്നെ മുന്‍കൈയെടുത്ത് വരനെയും കണ്ടെത്തി.
കഴിഞ്ഞ മാസം വണ്ടന്‍പതാല്‍ സെന്റ് പോള്‍സ് പളളി പാരിഷ് ഹാളില്‍ നടന്ന വിവാഹത്തില്‍ കട്ടപ്പന സ്വദേശി അനന്തു പാര്‍വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.
ഹൈന്ദവ ആചാര പ്രകാരം പെണ്‍കുട്ടിയുടെ കൈപിടിച്ച് വരനെ ഏല്‍പിക്കുന്ന പിതാവിന്റെ ചുമതലയാണ് നിറഞ്ഞ മനസോടെ ഫാ. റോയ് ഏറ്റെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
വെറുപ്പിന്റെയും ഭിന്നിപ്പുകളുടെയും ഈ കാലത്ത് മത സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം കൈമാറിയ ഫാ. റോയ് മാത്യൂ വടക്കേലിന് വലിയ അഭിനന്ദനമാണ് നവ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ അംഗം കൂടിയാണ് ഫാ. റോയ്.