കൊച്ചി: എറണാകുളം ജില്ലയില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കുന്നുകരയിലും ചെങ്ങമനാട്ടും ഒമ്പത് കേസുകള്‍ സ്ഥിരീകരിക്കുകയും 19 പേര്‍ നിരീക്ഷണത്തിലായതിന്റെയും അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം. കുന്നുകര പഞ്ചായത്തില്‍ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 പേരില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചെങ്ങമനാട്ടില്‍ നാല് പേരും ചികിത്സ തേടി.
രോഗ ബാധിത പ്രദേശങ്ങളില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചിക്കുന്‍ഗുനിയയുടെ പ്രധാന ലക്ഷണങ്ങളില്‍ പെട്ടന്നുള്ള ഉയര്‍ന്ന പനി, സന്ധികളില്‍ കടുത്ത നീര്‍വീക്കം, വേദന (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവയില്‍), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ എന്നിവ ഉള്‍പ്പെടുന്നു. ലക്ഷണങ്ങള്‍ കണ്ടാല്‍, രോഗി ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വൈദ്യസഹായം തേടുകയും സ്വയം ചികിത്സ ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
രോഗബാധിതര്‍ കൊതുക് കടിയേല്‍ക്കാതിരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും വേണം. ഈഡിസ് കൊതുകുകളാണ് രോഗകാരണം. എന്നതിനാല്‍ രോഗ പ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജനവും പകല്‍ സമയത്ത് കൊതുകുകടിയില്‍ നിന്നുള്ള സംരക്ഷണവും അത്യന്താപേക്ഷിതമാണ്. വീടുകള്‍ക്കുള്ളിലും പരിസരത്തും പ്രജനന സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. കൊതുകുകള്‍ പെരുകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
2023 ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് വീടുകള്‍, സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ തോട്ടങ്ങള്‍ക്ക് ചുറ്റും കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ ചുമത്തും.