ഉറങ്ങിക്കിടന്ന സഹോദരങ്ങള്‍ക്ക് പാമ്പ് കടിയേറ്റു; എട്ട് വയസുകാരന്‍ മരിച്ചു

ഉറങ്ങിക്കിടന്ന സഹോദരങ്ങള്‍ക്ക് പാമ്പ് കടിയേറ്റു; എട്ട് വയസുകാരന്‍ മരിച്ചു

തൃശൂര്‍: സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ പാമ്പ് കടിയേറ്റു മരിച്ചു. തൃശൂര്‍ കോടാലിയില്‍ കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ ഇളയ മകന്‍ ആല്‍ജോയാണ് മരിച്ചത്. കടമ്പോട് എ.എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആല്‍ജോ.

സഹോദരന്‍ അനോജിനും (10) പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയിലെ തലയിണയ്ക്കടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടി കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കിടക്കുന്നതിന് മുന്‍പ് അവക്കാഡോ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധ ആയിരിക്കാമെന്നാണ് രക്ഷിതാക്കള്‍ ആദ്യം കരുതിയത്.

ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയത്. കുട്ടികളുടെ ദേഹത്ത് പാമ്പ് കടിയേറ്റത്തിന്റെ അടയാളങ്ങളും കണ്ടെത്തി.

അല്‍പ സമയത്തിനുള്ളില്‍ തന്നെ ഇളയ കുട്ടിയായ ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി. ഗുരുതരാവസ്ഥയിലായിരുന്ന അനോജിനെ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് നാട്ടുകാരും ബന്ധുക്കളും കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയില്‍ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് തലയിണയ്ക്കടിയില്‍ നിന്നും പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ( ഇനത്തില്‍പ്പെട്ട പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.