തൃശൂര്‍ പൂര വെടിക്കെട്ട് പുരയിലെ സ്ഫോടനം: 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്, ആറ് പേരുടെ നില അതീവ ഗുരുതരം

തൃശൂര്‍ പൂര വെടിക്കെട്ട് പുരയിലെ  സ്ഫോടനം: 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്,  ആറ്  പേരുടെ നില അതീവ ഗുരുതരം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന സ്ഥലത്തുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പരിക്കേറ്റ് 13 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇവരില്‍ ആറ് പേരുടെ നില അതീവ ഗുരുതരമാണ്.

നാല്‍പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്പാടി ദേവസ്വം ബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്.

തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷ് ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.


ചെറിയ വഴിയായതിനാല്‍ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ക്ക് സംഭവ സ്ഥലത്ത് എത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തിയത്.

ഈ മാസം 24 ന് നടക്കേണ്ട തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. രണ്ട് വലിയ സ്ഫോടനമാണ് ആദ്യം കേട്ടത്. കിലോ മീറ്ററുകളോളം സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ചാവക്കാട് വടക്കന്‍ മേഖലയിലും സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പടക്ക നിര്‍മാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച ഉണ്ടായോയെന്നത് ഉള്‍പ്പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.