കേരളം ചുട്ടുപൊള്ളുന്നു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; കണ്ണൂരില്‍ സൂര്യാതപമേറ്റ് മരണം

കേരളം ചുട്ടുപൊള്ളുന്നു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; കണ്ണൂരില്‍ സൂര്യാതപമേറ്റ് മരണം

തിരുവനന്തപുരം: കേരളത്തില്‍ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 41 ഡിഗ്രി സെൽഷ്യസ് ആണ് തൃശൂരിൽ താപനില രേഖപ്പെടുത്തിയത്. മറ്റു ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവില്‍ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലെ കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ പൊതുവെ സംസ്ഥാനമാകെ ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ ആണ് മരിച്ചത്. കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സനൽകുമാറിന് സൂര്യാഘാതമേറ്റത്.

ബുധനാഴ്ച കിണർ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെ സനൽ കുമാറിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം സൂര്യാതപമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലയിലെ വണ്ടൂരിലും സമാനമായ രീതിയിൽ സൂര്യാതപം റിപ്പോർട്ട് ചെയ്തു. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരി ഇസ ജോണിനാണ് ശരീരമാകെ പൊള്ളലേറ്റത്. കുട്ടിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.