കോട്ടയം: ആത്മീയ ആഘോഷങ്ങൾ ആഡംബരങ്ങളിലേക്കും അപകടങ്ങളിലേക്കും വഴിമാറുന്നതിനെതിരെ ശക്തമായ നിലപാടുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബാവയുടെ പ്രതികരണം. വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് അദേഹം ഓർമ്മിപ്പിച്ചു.
മതങ്ങളും മനുഷ്യരും ഒരുപോലെ വിവേകപൂർണമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്ന് ബാവ പറഞ്ഞു. സഭയുടെ കീഴിലുള്ള പള്ളികളിലെ പെരുന്നാളുകൾ ലളിതമാക്കണം. വെടിക്കെട്ടിനും മറ്റുമായി ചെലവാക്കുന്ന തുക സമാഹരിച്ച് അർഹരായവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കമിടണം. ഒരു വർഷത്തെ പെരുന്നാൾ തുക കൊണ്ട് ഒരു ഭവനം എന്ന മാതൃക സഭ പിന്തുടരണമെന്നും ബാവ നിർദേശിച്ചു.
അതിരുകടന്ന ആഘോഷങ്ങൾ പലപ്പോഴും ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നത്. വിവേചനരഹിതമായ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. മുണ്ടത്തിക്കോട് അപകടത്തിന്റെ നടുക്കത്തിൽ കഴിയുന്ന കേരളത്തിന് വലിയൊരു സന്ദേശമാണ് സഭാധ്യക്ഷന്റെ ഈ നിലപാട് നൽകുന്നത്.