തൃശൂര്‍: മുണ്ടത്തിക്കോട് പടക്ക നിര്‍മാണ ശാലയിലുണ്ടായ ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരന്‍ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീശന്‍ (46) മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശന്‍.
തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. പാരമ്പര്യമായി വെടിക്കെട്ട് കലാകാരന്മാരുടെ കുടുംബമാണ് സതീശന്റേത്. അച്ചന്‍ മുണ്ടത്തിക്കോട് മണിയും തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. ഒരേ വര്‍ഷം തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി വെടിക്കെട്ട് സഞ്ജീകരണം നിര്‍വ്വഹിച്ച വെടിക്കെട്ടുകാരനാണ് സതീശന്‍.
മുണ്ടത്തിക്കോട് പാടത്തെ വെടിപ്പുരകളില്‍ നാല്‍പതോളം ജീവനക്കാരുടെ സഹായത്തോടെ ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ച് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ കലാശിച്ചത്.
ഇനിയും ഒമ്പത് പേര്‍ ചികിത്സയിലുണ്ട്. അപകടത്തെ തുടര്‍ന്ന് നാല് പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.