സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം: ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു; സംഭവം ആലപ്പുഴ കുട്ടനാട്ടില്‍

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം: ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു; സംഭവം ആലപ്പുഴ കുട്ടനാട്ടില്‍

ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. ആലപ്പുഴ കുട്ടനാട്ടിലാണ് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചത്. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര ആണ് (65) മരിച്ചത്.

വൈകുന്നേരം അഞ്ചോടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിക്ക് മുന്നില്‍ വച്ച് മൂര്‍ഖന്‍ പാമ്പാണ് വീട്ടമ്മയെ കടിച്ചത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതരയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇന്ദിരയ്ക്ക് ആന്റി വെനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാമ്പുകടിയേറ്റ് മരിച്ചത് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ്. തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്ക് പാമ്പ് കടിയേറ്റിരുന്നു. സംഭവത്തില്‍ എട്ട് വയസുകാരനായ അല്‍ജോയ്ക്ക് ജീവന്‍ നഷ്ടമാകുകയും സഹോദരന്‍ അനോഷ് ചികിത്സയിലുമാണ്. കിടപ്പ് മുറിയില്‍വെച്ചായിരുന്നു ഇരുവര്‍ക്കും പാമ്പിന്റെ കടിയേറ്റത്.

കഴിഞ്ഞ ദിവസം ചിറയിന്‍കീഴില്‍ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലാണ് മരിച്ചത്. വ്യാഴാഴ്ച കായംകുളത്ത് പാമ്പുകടിയേറ്റ് 42 കാരിയ്ക്ക് ജീവന്‍ നഷ്ടമായിരുന്നു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വ്യാഴാഴ്ച രണ്ട് പേരെയാണ് പാമ്പുകടിച്ചത്. സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ശക്തമായ ജഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിച്ചിട്ടുണ്ട്. 

ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്‌

പാമ്പ് കടിയേറ്റ് തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡിഎംഒമാരുടെ യോഗം വിളിച്ചിരുന്നു. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് പാമ്പുകടിയേറ്റിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ആശുപത്രികളിലും ആന്റിവെനം സ്റ്റോക് ഉണ്ടെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കിയിരുന്നു.

ജാഗ്രതാ നിര്‍ദേശം

വേനല്‍ കടുത്തതോടെ ഭൂമിക്കടിയിലെ ചൂട് സഹിക്കവയ്യാതെ തണുപ്പ് തേടി പാമ്പുകള്‍ ജനവാസ മേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും എത്താനുള്ള സാധ്യത വര്‍ധദ്ധിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പും വനം വകുപ്പും മുന്നറിയിപ്പ് നല്‍കുന്നു. വീടിനോട് ചേര്‍ന്നുള്ള ശുചിമുറികള്‍, വിറക് പുരകള്‍, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കരിയിലകള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയ്ക്കിടയില്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ഭാഗങ്ങളില്‍ പോകുമ്പോഴും രാത്രികാലങ്ങളില്‍ പുറത്തിറങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുകയും വെളിച്ചം ഉറപ്പാക്കുകയും വേണം.

വീടിന്റെ പരിസരം കാടുപിടിക്കാതെ വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പ് കടിയേറ്റാല്‍ ഒട്ടും സമയം കളയാതെ എത്രയും വേഗം ആന്റിവെനം സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. അശാസ്ത്രീയമായ ചികിത്സാ രീതികള്‍ ഒഴിവാക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.