സിഡ്നിയിൽ വീട്ടിൽ ആക്രമണം: മൂന്ന് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

സിഡ്നിയിൽ വീട്ടിൽ ആക്രമണം: മൂന്ന് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ

സിഡ്‌നി: സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയിലുള്ള റോസ്‌മെഡോയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. 60 വയസുള്ള ദമ്പതികളും ഇവരുടെ 25 വയസുസുള്ള മകനുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മൂത്ത മകനായ 32 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ 1.30 ഓടെ ജൂലിയറ്റ് ക്ലോസിലെ വീട്ടിലാണ് ആക്രമണം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മറ്റൊരു സഹോദരനാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോൾ അമ്മ മരണത്തോട് പൊരുതുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും അവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് 25 വയസുള്ള യുവാവിനെ വീടിനോട് ചേർന്നുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവ് ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങി.

സംഭവം നടന്ന വീട്ടിലെ കാഴ്ച അതീവ ഭയാനകമായിരുന്നുവെന്ന് സൂപ്രണ്ട് ഗ്രാന്റ് ഹീലി പറഞ്ഞു. അഗ്രം മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. മൃതദേഹങ്ങളിൽ ബലപ്രയോഗം നടന്നതിന്റെയും ആഴത്തിലുള്ള മുറിവുകളുടെയും ലക്ഷണങ്ങളുണ്ട്. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പുലർച്ചെ 2.30 ഓടെ ഒരു വെള്ളി സെഡാൻ കാറിൽ വീട്ടിലെത്തിയ 32 വയസുകാരനെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇയാളെ കാംബെൽടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. നിലവിൽ ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ല. കൊലപാതകം നടന്ന സമയത്തിനും ഇയാൾ വീട്ടിൽ തിരിച്ചെത്തിയതിനും ഇടയിലുള്ള സമയത്ത് ഇയാൾ എവിടെയായിരുന്നുവെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

മുൻപ് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത കുടുംബത്തിലാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രവചനാതീതമായ ഈ അക്രമത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.