കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ആദ്യമായി ബിജെപി അധികാരം പിടിച്ച സാഹചര്യത്തില്‍ ബംഗാളിന്റെ പൊതുശത്രുവായ ബിജെപിക്കെതിരെ ഇടതുപക്ഷവും മറ്റ് പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി ആഹ്വാനം ചെയ്തു.
ഇടതുപക്ഷ പാര്‍ട്ടികള്‍, തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍, ദേശീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരെല്ലാം ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത അഭ്യര്‍ഥിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികത്തില്‍ തന്റെ കാളിഘട്ട് വസതിക്ക് മുന്നില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
ശത്രുവിന്റെ ശത്രു മിത്രം എന്ന് ചിന്തിക്കാനുള്ള സമയമല്ല ഇത്. നമ്മുടെ മുഖ്യ ശത്രു ബിജെപിയാണ്. ബിജെപിക്കെതിരെ തന്റെ സംയുക്ത സഖ്യത്തില്‍ ചേരുന്നത് സംബന്ധിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി താനുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞു.

പ്രതിപക്ഷ നേതാവ് ശോഭന്‍ദേബ് ചതോപാധ്യായ.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം ടിഎംസി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമെതിരെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് അവര്‍ ആരോപിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടി ബിജെപി ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തി. തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകളാണ് ലഭിച്ചത്. ഇതോടെ പതിനഞ്ച് വര്‍ഷം നീണ്ട മമത ഭരണത്തിന് അന്ത്യമായി.
അതിനിടെ ഭവാനിപൂരില്‍ മമത തോറ്റ സാഹചര്യത്തില്‍ നിയമസഭാ പ്രതിപക്ഷ നേതാവായി ബലിഗഞ്ച് എംഎല്‍എ ശോഭന്‍ദേബ് ചതോപാധ്യായയെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. ധനേകാലി എംഎല്‍എ അസീമ പത്ര, ചൗരാംഗിയില്‍ നിന്നുള്ള അംഗം നയന ബന്ദേപാധ്യായ എന്നിവരെ പ്രതിപക്ഷ ഉപനേതാക്കളായും നിശ്ചയിച്ചു.
കൊല്‍ക്കത്ത പോര്‍ട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഫിര്‍ഹാദ് ഹക്കീം ആണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായിരുന്നു ഹക്കീം. ബംഗാളിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി പുതുതായി നിയമിതരായ നേതാക്കള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.