തിരുവനന്തപുരം: കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇനി കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് പ്രതിപക്ഷ നിരയെ നയിക്കാന്‍ അദേഹം എത്തുന്നത്.
സിപിഎം സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയന്‍ നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി തീരുമാനം.
കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളും സംസ്ഥാന സമിതിയും പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന നിലപാടിലായിരുന്നു. പത്ത് വര്‍ഷത്തെ ഭരണ പരിജ്ഞാനമുള്ള ഒരു മുതിര്‍ന്ന നേതാവ് തന്നെ പ്രതിപക്ഷത്തെ നയിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും കരുത്ത് പകരുമെന്ന് യോഗം വിലയിരുത്തി.
നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിടുക എന്ന വലിയ ദൗത്യമാണ് ഇനി പിണറായി വിജയനുള്ളത്. എംഎല്‍എമാരില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന പരിഗണനയും അദേഹത്തിന് ലഭിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോയതിനാലാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും പ്രഖ്യാപനം വൈകിയത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സിപിഎമ്മിനെ ഇനി സഭയ്ക്കുള്ളില്‍ പിണറായി വിജയന്‍ നയിക്കും.